ടെൽഅവീവ്: ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവും മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും തമ്മിൽ രൂക്ഷമായ വാക്പോര്. ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് കാവൽ പ്രധാനമന്ത്രിയായി തുടരുന്ന നെതന്യാഹു ചൊവ്വാഴ്ച പാർലമെന്റിൽ ദേശീയ ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവം.
പ്രസംഗത്തിനിടെ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇടപെട്ട് നെതന്യാഹുവിനോട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. ഖത്തറുമായുള്ള നെതന്യാഹുവിന്റെ ആരോപണവിധേയമായ ബന്ധങ്ങളെക്കുറിച്ചും 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ചും അദ്ദേഹം വിശദീകരണം ആവശ്യപ്പെട്ടു.
🇮🇱 WATCH: Sara Netanyahu gets into a HEATED shouting match with Naftali Bennett while her husband is speaking in parliament.
Bennett interrupted Netanyahu’s speech, demanding answers about his advisers’ alleged Qatar ties and the October 7 investigation.
Sara wasn’t having it. She started shouting back at Bennett from her seat.
Netanyahu was calling for NATIONAL UNITY.
His wife and his political rival were arguing right in front of him.
Not exactly the unity he had in mind.
Writer: Oliver
https://t.co/lDT1p6GKAs— Mario Nawfal (@MarioNawfal) November 10, 2026
ഇതിനിടെ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ ബെന്നറ്റിനെതിരെ രംഗത്തെത്തി. ബെന്നറ്റിനെ ‘നാണമില്ലാത്ത മനുഷ്യൻ’ എന്നും ‘വിലയില്ലാത്ത ആരുമല്ലാത്ത ഒരാൾ’ എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ നെതന്യാഹുവിന്റെ ഭാര്യ സാറയും ഇടപെട്ടു. രാഷ്ട്രീയ എതിരാളിയായ ബെന്നറ്റിനെതിരെ കാപട്യം ആരോപിച്ച അവർ, അറബ് ജോയിന്റ് ലിസ്റ്റുമായി രാഷ്ട്രീയബന്ധം പുലർത്തുന്നയാളാണ് ബെന്നറ്റെന്നും വിമർശിച്ചു.
“നിങ്ങൾ അറബ് ജോയിന്റ് ലിസ്റ്റിനൊപ്പം ഇരിക്കുന്നയാളാണ്. വിലയില്ലാത്ത മനുഷ്യാ, നിങ്ങളെ ഓർത്ത് ലജ്ജിക്കണം! നാണമില്ലാത്ത മനുഷ്യൻ!” എന്നായിരുന്നു സാറ നെതന്യാഹുവിന്റെ പ്രതികരണം. ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇസ്രയേൽ പാർലമെന്റ് ആദ്യമായി സമ്മേളിച്ച ദിവസമായിരുന്നു സംഭവം. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയും പുതിയ സർക്കാർ രൂപീകരണത്തിനായുള്ള നീക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാർലമെന്റിനുള്ളിൽ രൂക്ഷമായ തർക്കം അരങ്ങേറിയത്.
🇺🇲🇮🇱 Netanyahu:
“You cannot rely on a government of Israel-haters.”
Is this a secret message for the USA? 👀
Writer: Oliver
https://t.co/Kmwt3RBASp— Mario Nawfal (@MarioNawfal) November 10, 2026
പ്രസംഗത്തിനിടെ ഇറാനെതിരെയും നെതന്യാഹു ശക്തമായ മുന്നറിയിപ്പ് നൽകി. ആണവായുധ ശേഷിയുള്ള ഇറാനെയും നിലവിലെ ഭരണകൂടത്തെയും അംഗീകരിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദം ഉടൻ ശക്തമാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ നശിപ്പിക്കാൻ ലക്ഷ്യമിടുന്ന ഭീകരവാദ ഭരണകൂടമാണ് ഇറാനിലേതെന്നും അദ്ദേഹം ആരോപിച്ചു. “വളരെ അടുത്ത ഭാവിയിൽ ആണവായുധ ശേഷിയുള്ള ഇറാനെയും ഇസ്രയേലിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ ഭീകരവാദ ഭരണകൂടത്തിന്റെ തുടർച്ചയെയും അംഗീകരിക്കാൻ അന്താരാഷ്ട്ര സമ്മർദം നേരിടേണ്ടിവരും,” നെതന്യാഹു പറഞ്ഞു.
എന്നാൽ നെതന്യാഹുവിന്റെ പ്രസംഗത്തിനെതിരെ മുൻ ഇസ്രയേൽ പ്രതിരോധ സേനാ മേധാവി ഗാദി ഐസൻകോട്ടും രംഗത്തെത്തി. പ്രധാനപ്പെട്ട ദേശീയ പരിപാടി സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുകയാണ് നെതന്യാഹുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രസംഗത്തെ ‘ലജ്ജാകരം’ എന്ന് വിശേഷിപ്പിച്ച ഐസൻകോട്ട് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ നെതന്യാഹുവിന് അർഹതയുണ്ടോയെന്നും ചോദ്യം ചെയ്തു.
അതേസമയം നെതന്യാഹുവും ഐസൻകോട്ടും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്. ഇരുവരും ഇസ്രയേലിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിനാവശ്യമായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.120 അംഗങ്ങളുള്ള നെസറ്റിൽ സർക്കാർ രൂപീകരിക്കാൻ കുറഞ്ഞത് 61 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ നിലവിൽ നെതന്യാഹുവിനോ ഐസൻകോട്ടിനോ ഈ ഭൂരിപക്ഷം ഉറപ്പാക്കാൻ ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. ഇതോടെ ഇസ്രയേലിലെ സർക്കാർ രൂപീകരണ ചർച്ചകൾ കൂടുതൽ സങ്കീർണമാകുകയാണ്.