തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലായിരുന്നെങ്കിൽ തന്നെ വലിച്ചുപുറത്തേക്ക് എറിയുമായിരുന്നെന്നും മറ്റൊരു സൗമ്യയായി മാറുമായിരുന്നെന്നും മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി. ട്രെയിനിലും തുടർന്ന് പേട്ട റെയിൽവേ സ്റ്റേഷനിലും വച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജേഷിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽനിന്നാണ് യുവതി പതിവുപോലെ ട്രെയിനിൽ കയറിയത്. തിരക്കുണ്ടായിരുന്നതിനാൽ ബാഗ് മുന്നിൽ ചേർത്തുപിടിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെയും മുഖത്ത് അമർത്തുന്നതുപോലെയും തോന്നി. തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ വീണ്ടും ആവർത്തിച്ചതോടെ തിരിഞ്ഞുനോക്കിയപ്പോഴാണ് ഇയാൾ മോശം ഉദ്ദേശ്യത്തോടെ ആംഗ്യങ്ങൾ കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്ന യുവാവ് ഇടപെട്ട് ഇയാളുടെ കോളറിനു പിടിച്ച് മാറ്റിയെങ്കിലും പ്രതി ഭാവഭേദമില്ലാതെ നിന്നു.
യുവാവിന്റെ നിർദേശപ്രകാരം യുവതി ഒരുവശത്തേക്കു മാറിനിന്നു. കഴക്കൂട്ടത്ത് എത്തിയപ്പോൾ തിരക്ക് കുറഞ്ഞതോടെ പ്രതി മറ്റൊരു ഭാഗത്തുനിന്ന് കൈകാണിക്കുന്നുണ്ടായിരുന്നു. യുവതി പേട്ട സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്രതിയും ട്രെയിനിൽനിന്ന് ഇറങ്ങി. ഇയാൾ പോയെന്ന് കരുതി പുറത്തിറങ്ങാൻ ശ്രമിച്ചപ്പോഴാണ് വീണ്ടും അടുത്തെത്തി തടഞ്ഞുനിന്നത്. പ്ലാറ്റ്‌ഫോമിലെത്തിയതോടെ മോശം ആംഗ്യങ്ങൾ കാണിച്ചു. പൊലീസിനോട് പരാതി പറയുമെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും മുഖത്ത് ഇടിക്കുകയുമായിരുന്നു.
യുവതി പ്ലാറ്റ്‌ഫോമിൽ വീണതോടെ ചവിട്ടാനായി പ്രതി കാലുയർത്തി. ഇതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി തടഞ്ഞു. ആക്രമണത്തെത്തുടർന്ന് ബോധംപോയ യുവതിക്ക് മറ്റുള്ളവർ വെള്ളം നൽകിയതോടെയാണ് ബോധം തിരിച്ചുകിട്ടിയത്. ട്രെയിനിൽവച്ചും ഇയാൾ ഉപദ്രവിച്ചിരുന്നുവെന്ന് അറിയിച്ചതോടെ നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കൂട്ടുകാരിക്കൊപ്പമെത്തിയ യുവതി പേട്ട റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചത്. വായ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ശരീരമാകെ വേദനയുണ്ടെന്നും യുവതി പറഞ്ഞു.
‘‘ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനായിരുന്നെങ്കിൽ അയാൾ എന്നെ വലിച്ചുപുറത്തേക്ക് എറിഞ്ഞേനെ. മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ. രാത്രിയിലോ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സംഭവിക്കുക. ട്രെയിൻ നിർത്തിയിട്ടിരുന്ന സമയമായതുകൊണ്ടാണ് ഇത്രയെങ്കിലും സംഭവിച്ചത്’’– യുവതി കണ്ണീരോടെ പറഞ്ഞു.