BREAKING NEWS

ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും… ”ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല… യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന്റെ ചെലവ് തിരിച്ചുനൽകണം, ഇസ്രയേലും പണം തരണം- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന് അമേരിക്ക ചെലവഴിച്ച മുഴുവൻ തുകയും മധ്യപൂർവദേശത്ത് അമേരിക്കയുടെ സംരക്ഷണം ലഭിച്ച രാജ്യങ്ങൾ തിരിച്ചുനൽകണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എട്ട് മാസം നീണ്ട ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലുകൾക്കിടെയാണ് ട്രംപിന്റെ പ്രസ്താവന. കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നിൽ ഇറാൻ യുദ്ധവും ഇന്ധനവിലയിലെ വർധനവുമാണെന്നാണ് റിപ്പബ്ലിക്കൻ നേതാക്കൾ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കൻ വാർത്താ ചാനലായ സിബിഎസ് ന്യൂസിന് ഞായറാഴ്ച നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ യുദ്ധത്തിനായി അമേരിക്ക ചെലവഴിച്ച മുഴുവൻ തുകയും അമേരിക്ക സംരക്ഷിച്ച രാജ്യങ്ങൾ തിരിച്ചുനൽകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ”ഞങ്ങൾ സംരക്ഷിച്ച രാജ്യങ്ങൾ യുദ്ധത്തിനായി ഞങ്ങൾക്ക് ഉണ്ടായ എല്ലാ ചെലവുകളും തിരിച്ചുനൽകും” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

യുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയും ഇസ്രയേലും ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആ ഭീഷണി മുൻകൂട്ടി തടയുന്നതിനുള്ള നടപടിയാണിതെന്നുമാണ് അമേരിക്കയും ഇസ്രയേലും യുദ്ധത്തെ വിശേഷിപ്പിച്ചത്. ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തിരിച്ചടിച്ചത് മധ്യപൂർവദേശത്തെ നിരവധി രാജ്യങ്ങളെയായിരുന്നു ലക്ഷ്യമിട്ടത്.

ഇത്തരം രാജ്യങ്ങളെ പരാമർശിച്ചുകൊണ്ട് ”ഞങ്ങളില്ലായിരുന്നെങ്കിൽ അവ നിലനിൽക്കുമായിരുന്നില്ല” എന്ന് ട്രംപ് പറഞ്ഞു. ”ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രസ്താവനയെക്കുറിച്ചും ഓരോ രാജ്യവും എത്ര തുക നൽകണമെന്നത് എങ്ങനെ കണക്കാക്കുമെന്നതിനെക്കുറിച്ചും വിശദീകരണം തേടി ന്യൂസ് വീക്ക് വൈറ്റ് ഹൗസിനെ സമീപിച്ചെങ്കിലും പ്രസിഡന്റിന്റെ പരസ്യമായ പ്രസ്താവനകളിലേക്ക് മാത്രമാണ് അധികൃതർ വിരൽചൂണ്ടിയത്.

അമേരിക്കൻ നേതൃത്വത്തിലുള്ള ആക്രമണം ആരംഭിച്ചതിനുശേഷം ഇറാൻ കുറഞ്ഞത് 11 രാജ്യങ്ങൾക്കുനേരെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. യുഎഇയും ഇസ്രയേലുമാണ് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങൾ. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ നിർമിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ആഗോള ശേഖരത്തെയും സമ്മർദത്തിലാക്കി. അതിവേഗത്തിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ഉപയോഗിക്കുന്ന അമേരിക്കൻ നിർമിത പ്രതിരോധ സംവിധാനങ്ങൾക്കാണ് ഇതിന്റെ ആഘാതം കൂടുതലായി അനുഭവപ്പെട്ടത്.

അമേരിക്കൻ സൈനിക താവളങ്ങളെയും മേഖലയിലെ സഖ്യരാജ്യങ്ങളെയും സംരക്ഷിക്കുന്നതിനായി യുദ്ധത്തിനിടെ കൂടുതൽ പാട്രിയറ്റ്, ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) സംവിധാനങ്ങൾ അമേരിക്ക മധ്യപൂർവദേശത്തേക്ക് അയച്ചിരുന്നു. അമേരിക്കയുടെ ഏറ്റവും ആധുനികമായ കര അധിഷ്ഠിത വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇവ. ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് യുദ്ധത്തിന്റെ ആകെ ചെലവ് 47 ബില്യൺ ഡോളറായി ഉയർന്നതായി പെന്റഗണിന്റെ കണക്കുകൾ പുറത്തുവന്നത്. ഫെബ്രുവരി മുതൽ ഓഗസ്റ്റ് ആദ്യം വരെയുള്ള കാലയളവിൽ മാത്രം ഇറാൻ യുദ്ധത്തിനായി ഏകദേശം 38 ബില്യൺ ഡോളർ ചെലവായതായി യുഎസ് കോൺഗ്രസ് ബജറ്റ് ഓഫീസ് (CBO) വ്യക്തമാക്കിയിരുന്നു. ഇതിൽ 13 ബില്യൺ ഡോളറിലധികം വ്യോമപ്രതിരോധ സംവിധാനങ്ങളിലെ ഇന്റർസെപ്റ്റർ മിസൈലുകൾക്കായി ചെലവഴിച്ചു. ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ, പാട്രിയറ്റ് ഇന്റർസെപ്റ്ററുകൾ തുടങ്ങിയ ആയുധങ്ങൾ വീണ്ടും ശേഖരിക്കുന്നതിനുള്ള ചെലവാണ് യുദ്ധത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതയെന്നാണ് വിലയിരുത്തൽ.

അതുപോലെ ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും അമേരിക്ക ഉപയോഗിച്ചുതീർത്തതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. പേരുവെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. ഓരോ രാജ്യത്തെയും സംരക്ഷിക്കാൻ എത്ര മിസൈലുകൾ ഉപയോഗിച്ചുവെന്നത് കൃത്യമായി കണ്ടെത്തുക പ്രയാസകരമാണ്. ഇറാന്റെ ഒരു മിസൈൽ തകർക്കാൻ ഒന്നിലധികം ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചിട്ടുണ്ടാകാനും സാധ്യതയുണ്ട്.

അതേസമയം ഓരോ രാജ്യവും അമേരിക്കയ്ക്ക് എത്ര തുക നൽകണമെന്നത് എങ്ങനെ കണക്കാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന് ഏകദേശം നാല് ദശലക്ഷം ഡോളറാണ് വില. ഇതിനു പുറമെ യുദ്ധവിമാനങ്ങൾ കൂടുതൽ സമയം പറത്തുന്നതിനായി ചെലവായ അധിക ഇന്ധനച്ചെലവ്, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ പുനർനിർമാണം തുടങ്ങിയവയും അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം ചെലവുകൾ ഓരോ രാജ്യത്തിന്റെയും പ്രതിരോധവുമായി നേരിട്ട് ബന്ധപ്പെടുത്തി കണക്കാക്കുക എളുപ്പമല്ല.

ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടന്ന ചൊവ്വാഴ്ചയ്ക്ക് ദിവസങ്ങൾക്കുമുമ്പ് ഇസ്രയേലിന് നൽകിവരുന്ന ഏകദേശം നാല് ബില്യൺ ഡോളറിന്റെ സഹായം 2026 അവസാനത്തോടെ നിർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ പ്രതിവർഷം ഏകദേശം 3.8 ബില്യൺ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക ഇസ്രയേലിന് നൽകുന്നത്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സഹായം. എന്നാൽ 2028ൽ ഈ ധാരണയുടെ കാലാവധി അവസാനിക്കും. കരാർ പ്രകാരം ലഭിക്കുന്ന പണം ഒടുവിൽ അമേരിക്കൻ പ്രതിരോധ കമ്പനികളിൽത്തന്നെ ചെലവഴിക്കണമെന്ന വ്യവസ്ഥയും ഇസ്രയേലിനുണ്ട്.

അതേസമയം ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് രംഗത്തെത്തി. അമേരിക്കയുടെ സൈനിക സഹായം ഇസ്രയേൽ സ്വന്തം രാജ്യത്തെ പ്രതിരോധിക്കാനും അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും ഭീഷണിയായ ശത്രുക്കളെ നേരിടാനുമാണ് ഉപയോഗിച്ചതെന്ന് ഓഫീസ് വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊണ്ട് ശക്തമായി തുടരാൻ കഴിയുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കയുടെ സൈനിക സഹായത്തെ പൂർണമായും ആശ്രയിക്കുന്ന സാഹചര്യം അവസാനിപ്പിക്കാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മാറ്റം നടപ്പാക്കാൻ ഏകദേശം പത്തുവർഷം വേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഇറാൻ യുദ്ധത്തെത്തുടർന്ന് അമേരിക്കയിൽ ഇന്ധനവില ഉയർന്നത് വോട്ടർമാരെ പ്രതികൂലമായി ബാധിച്ചെന്നും തിരഞ്ഞെടുപ്പിൽ ഇതിന് വലിയ പങ്കുണ്ടായെന്നും ട്രംപ് സിബിഎസ് അഭിമുഖത്തിൽ സമ്മതിച്ചു. ഇസ്രയേലിനോട് അമേരിക്കൻ ജനതയ്ക്ക് വലിയ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യതയും ഇസ്രയേലിനോടുള്ള ജനങ്ങളുടെ വർധിച്ചുവരുന്ന എതിർപ്പും റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലുകൾക്കിടെയാണ് സഖ്യരാജ്യങ്ങൾ യുദ്ധച്ചെലവ് തിരിച്ചുനൽകണമെന്ന ട്രംപിന്റെ ആവശ്യം ശ്രദ്ധേയമാകുന്നത്.

BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026
BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026
BREAKING NEWS
’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്
10 Nov 2026
BREAKING NEWS
മട്ടന്നൂരിൽ റിട്ട. അധ്യാപികയെയും 22കാരൻ മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് പുറത്തുപോയ സമയത്താണ് സംഭവം; അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നി​ഗമനം
10 Nov 2026