ന്യൂഡൽഹി: സുപ്രീംകോടതിയുടെ കർശന നിർദേശമുണ്ടായിട്ടും വിലക്കും നിയന്ത്രണങ്ങളും ലംഘിച്ച് വ്യാപകമായി പടക്കം പൊട്ടിച്ചതോടെ ഡൽഹി–എൻസിആറിൽ വായുമലിനീകരണം രൂക്ഷമായി. നഗരത്തിന്റെ പല ഭാഗങ്ങളിലും കറുത്ത പുക മൂടിയതോടെ ദൂരക്കാഴ്ച തീർത്തും കുറഞ്ഞു. മിക്കയിടങ്ങളിലും വായുനിലവാര സൂചിക (എക്യുഐ) 400നു മുകളിൽ രേഖപ്പെടുത്തി. ഡൽഹിക്കു പുറമേ ഹരിയാന, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും മലിനീകരണം രൂക്ഷമായി.
ദീപാവലി ദിനങ്ങളിൽ രാവിലെ ആറു മുതൽ ഏഴു വരെയും രാത്രി എട്ടു മുതൽ പത്തു വരെയും സർക്കാർ അംഗീകാരമുള്ള ഹരിത പടക്കങ്ങൾ മാത്രമേ പൊട്ടിക്കാവൂ എന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. എന്നാൽ, ദീപാവലിക്കു മുൻപുതന്നെ പരമ്പരാഗത പടക്കങ്ങളും ഹരിത പടക്കങ്ങളെന്ന പേരിൽ സർക്കാർ അംഗീകാരമില്ലാത്തവയും വിപണികളിലെത്തി. ഇന്നലെ പുലർച്ചെവരെ മിക്കയിടങ്ങളിലും പടക്കം പൊട്ടിച്ചു.
നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 200 കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സർക്കാർ അംഗീകാരമുള്ള ഹരിത പടക്കങ്ങൾ പോലും അമിതമായി പൊട്ടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിനുപുറമേ, വിലക്ക് ലംഘിച്ച് അയൽസംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച സാധാരണ പടക്കങ്ങൾ വ്യാപകമായി പൊട്ടിച്ചതും മലിനീകരണം ഇത്രയധികം ഉയരാൻ ഇടയാക്കി.
പിഎം 2.5, പിഎം 10, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഓസോൺ, കാർബൺ മോണോക്സൈഡ്, അമോണിയ, ലെഡ് തുടങ്ങി എട്ടു മലിനീകരണ ഘടകങ്ങളുടെ അളവ് കണക്കിലെടുത്താണ് എക്യുഐ നിർണയിക്കുന്നത്. എക്യുഐ 0–50 (നല്ലത്), 51–100 (തൃപ്തികരം), 101–200 (മിതമായത്), 201–300 (മോശം), 301–400 (വളരെ മോശം), 401–500 (ഗുരുതരം) എന്നിങ്ങനെയാണ് വായുനിലവാരം തരംതിരിക്കുന്നത്. ഇന്ത്യയിലെ മാനദണ്ഡമനുസരിച്ച് എക്യുഐയുടെ പരമാവധി പരിധി 500 ആണ്. അതേസമയം, രാജ്യാന്തര മാനദണ്ഡങ്ങൾ ഉപയോഗിച്ച് സ്വകാര്യ ഏജൻസികൾ കണക്കാക്കുന്ന സൂചിക ആയിരത്തിനു മുകളിലെത്തും.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഇന്നലെ ഡൽഹിയിലെ 24 മണിക്കൂർ ശരാശരി എക്യുഐ 370 ആയി രേഖപ്പെടുത്തി. എന്നാൽ, എക്യുഐ ഡോട്ട് ഇൻ യുഎസ് മാനദണ്ഡമനുസരിച്ച് 955 എന്നും ഇന്ത്യൻ മാനദണ്ഡമനുസരിച്ച് 787 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വായുമലിനീകരണമാണ് ദീപാവലി ദിനത്തിൽ ഡൽഹിയിലുണ്ടായതെങ്കിലും യഥാർഥ കണക്കുകൾ പുറത്തുവന്നിട്ടില്ലെന്ന ആരോപണവും ഉയർന്നു. ദീപാവലി രാത്രിയിൽ നഗരത്തിലെ 59 വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ 45 ഇടത്തും ഓരോ മണിക്കൂറിലെയും മലിനീകരണത്തോത് കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് വിദഗ്ധരുടെ ആരോപണം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരീക്ഷണ ഉപകരണങ്ങൾ പലയിടത്തും പ്രവർത്തനരഹിതമായതോടെ രേഖപ്പെടുത്തിയതിനെക്കാൾ കൂടുതലാണ് യഥാർഥ മലിനീകരണത്തോതെന്നും ഇവർ മുന്നറിയിപ്പ് നൽകി.
പല കേന്ദ്രങ്ങളിലും കണക്കുകളിൽ വലിയ കുറവുണ്ടായി. ലോധി റോഡിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ വിവരങ്ങൾ നഷ്ടമായത്. ഇവിടെ രേഖപ്പെടുത്തേണ്ടിയിരുന്ന 192 ഡേറ്റ പോയിന്റുകളിൽ 96 എണ്ണവും ലഭ്യമായില്ല. ഐഐടി ഡൽഹി (63), ബുറാഡി ക്രോസിങ് (62), നോർത്ത് ക്യാംപസ് (55), പുസ (52), സിആർആർഐ മഥുര റോഡ് (51) എന്നിവിടങ്ങളിലും നിരവധി വിവരങ്ങൾ ലഭ്യമല്ല.
മലിനീകരണ ഘടകങ്ങളിൽ സൾഫർ ഡയോക്സൈഡിന്റെ 253 റീഡിങ്ങുകളും അമോണിയയുടെ 221 റീഡിങ്ങുകളും ലഭ്യമായില്ല. ഐഐടി ഡൽഹി, ബുറാഡി, നോർത്ത് ക്യാംപസ്, സോണിയ വിഹാർ, എൻഎസ്യുടി ദ്വാരക എന്നിവിടങ്ങളിലായി പിഎം 10ന്റെ 116 റീഡിങ്ങുകളും നഷ്ടമായി. ഡിടിയു, ബുറാഡി, എൻഎസ്യുടി ദ്വാരക എന്നിവിടങ്ങളിൽ പിഎം 2.5ന്റെ 55 റീഡിങ്ങുകളും ലഭിച്ചില്ല.
മലിനീകരണം വൻതോതിൽ ഉയർന്നപ്പോൾ സെൻട്രൽ സെർവറുകളിലുണ്ടായ സോഫ്റ്റ്വെയർ തകരാറുകളും ഉപകരണങ്ങളിലെ സെൻസറുകൾക്ക് ഉയർന്ന മലിനീകരണത്തോത് രേഖപ്പെടുത്താൻ കഴിയാതിരുന്നതുമാണ് ഡേറ്റ നഷ്ടപ്പെടാൻ കാരണമെന്നാണ് സൂചന. വായുവിലെ പൊടിപടലങ്ങളുടെ അളവ് ഒരു ഘനമീറ്ററിൽ 1,000 മൈക്രോഗ്രാമിനു മുകളിലെത്തിയതോടെ സിപിസിബിയുടെ പോർട്ടലുകൾ നിശ്ചലമായെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ദീപാവലി ദിനത്തിൽ അർധരാത്രിയോടെ ജഹാംഗീർപുരിയിൽ മലിനീകരണം ഒരു ഘനമീറ്ററിൽ 4,985 മൈക്രോഗ്രാം വരെ ഉയർന്നതായി ഡിപിസിസി ഡാഷ്ബോർഡുകൾ വ്യക്തമാക്കുന്നു. പഞ്ചാബി ബാഗിൽ ഇത് 4,697ഉം മുണ്ട്കയിൽ 3,744ഉം അശോക് വിഹാറിൽ 3,425ഉം ആയിരുന്നു. മലിനീകരണം പെട്ടെന്ന് കുത്തനെ ഉയർന്നതോടെ ഈ കേന്ദ്രങ്ങളിലെ നിരീക്ഷണ ഉപകരണങ്ങളിലും ഇടയ്ക്ക് തകരാറുണ്ടായി.