BREAKING NEWS

മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീ​ഗോളമായി… ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ

· · 1 min read
Share: Copied!

ഹിസാർ: ദീപാവലി ആഘോഷരാവിന് പിന്നാലെ ഹരിയാനയിലെ ഹാൻസി ജില്ലയിൽ ആറു കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി ദാരുണ അപകടം. ഗംഗാനദിയിൽ പുണ്യസ്നാനം ചെയ്യുന്നതിനായി ഹരിദ്വാറിലേക്ക് യാത്ര തിരിച്ച ആറു സുഹൃത്തുക്കൾ കാർ അപകടത്തിൽപ്പെട്ട് വെന്തുമരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. സോംവതി അമാവാസി ദിനത്തിൽ ഹരിദ്വാറിലെ ക്ഷേത്രനഗരത്തിലേക്ക് പോവുകയായിരുന്നു ആറുപേരും.

മണിക്കൂറിൽ ഏകദേശം 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ആദ്യം വൈദ്യുതി തൂണിലിടിക്കുകയും തുടർന്ന് റോഡ് ഡിവൈഡറിൽ ഇടിച്ച് മറുവശത്തെ പാതയിലേക്ക് തലകീഴായി മറിയുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. അപകടത്തിന് പിന്നാലെ കാറിന് തീപിടിച്ചതോടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന ആറുപേർക്കും പുറത്തുകടക്കാൻ അവസരം ലഭിച്ചില്ല. നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണമായും തീഗോളമായി മാറുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ വൈദ്യുതിത്തൂൺ രണ്ടായി ഒടിഞ്ഞു. റോഡ് ഡിവൈഡറിന്റെ പത്തോളം മീറ്റർ ഭാഗവും തകർന്നു. മുസാഫർനഗറിലെ പാനിപ്പത്ത്- ഖതിമ ദേശീയപാതയിൽ ജഗ്ഗഹേരിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ 4.50ഓടെയായിരുന്നു അപകടം. തിതാവി പോലീസ് സ്റ്റേഷൻ പരിധിയിൽ ജഗ്ഗഹേരി ടോൾ പ്ലാസ കഴിഞ്ഞുള്ള മേൽപ്പാലത്തിലായിരുന്നു സംഭവം.

വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്. എന്നാൽ അപ്പോഴേക്കും കാർ പൂർണമായും കത്തിനശിക്കുകയും ആറുപേരും മരിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാറിന്റെ അവശിഷ്ടങ്ങൾ റോഡിൽനിന്ന് നീക്കം ചെയ്തു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

മരിച്ച ആറുപേരും ഹരിയാനയിലെ ഹാൻസി മേഖലയിലെ രാഖി ഗർഹി ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലെയും താമസക്കാരാണ്. സാഹിൽ (20), രാഹുൽ (23), അമൻ (21), അജയ് (21), അങ്കിത് (21), അങ്കിത് (21) എന്നിവരാണ് മരിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ ഒരുമിച്ചാണ് യാത്ര തിരിച്ചത്.

മോത്ത് ലുഹാരി ഗ്രാമവാസികളായ അമനും അജയും വിദ്യാർഥികളായിരുന്നു. രാജേഷിന്റെ മകനായ അങ്കിതും വിദ്യാർഥിയായിരുന്നു. സമുന്ദറിന്റെ മകനായ മറ്റൊരു അങ്കിത് രാഖി ഗർഹി സ്വദേശിയാണ്. ഇയാൾ എസി, ഫ്രിഡ്ജ് റിപ്പയർ ജോലികൾ ചെയ്തുവരികയായിരുന്നു. ഇയാളുടെ സഹോദരനായ രാഹുൽ ഗ്യാസ് വെൽഡിങ്, കൽപ്പണി തുടങ്ങിയ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.

ദിവസവേതന തൊഴിലാളിയായിരുന്ന ഇവരുടെ പിതാവ് ഏകദേശം രണ്ടുവർഷമായി അസുഖബാധിതനായി കിടപ്പിലാണ്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഇരുവരുടെയും ചുമലിലായിരുന്നു. മക്കളുടെ മരണത്തോടെ കുടുംബത്തിന് ആശ്രയമില്ലാതായെന്ന് ബന്ധു പറഞ്ഞു. തിങ്കളാഴ്ച അർധരാത്രിയോടെ വീട്ടിൽനിന്ന് ഇറങ്ങിയ ഇരുവരും എവിടേക്കാണ് പോകുന്നതെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ബന്ധു വ്യക്തമാക്കി.

സാഹിലിന്റെ പിതാവ് സോം കുമാറിന്റെ മൊഴിപ്രകാരം, ഏതാനും ദിവസം മുമ്പാണ് മകൻ ബന്ധുവിൽനിന്ന് കാർ വാങ്ങിയത്. തിങ്കളാഴ്ച പുലർച്ചെ 12.30ഓടെ സുഹൃത്തുക്കളോടൊപ്പം വീട്ടിൽനിന്ന് പുറപ്പെടുകയായിരുന്നു. ഗുരുഗ്രാമിലേക്കാണ് പോകുന്നതെന്നാണ് മകനും സുഹൃത്തുക്കളും വീട്ടുകാരോട് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ മുസാഫർനഗർ എസ്പി (റൂറൽ) അക്ഷയ് സഞ്ജയ് മഹാദിക് പോലീസ് വിവരങ്ങൾ സ്ഥിരീകരിച്ചു. നവംബർ ഒമ്പതിന് പുലർച്ചെ 4.50ഓടെയാണ് അപകടത്തെക്കുറിച്ച് തിതാവി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. ജഗ്ഗഹേരി ടോൾ പ്ലാസ കഴിഞ്ഞുള്ള മേൽപ്പാലത്തിൽ വൈദ്യുതിത്തൂണിലും റോഡ് ഡിവൈഡറിലും ഇടിച്ച കാർ തീപിടിച്ച് കത്തുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

BREAKING NEWS
അഭിരാമിന്റെ കൊലപാതകം 17 കാരനും ഉമറും ചേർന്ന് മുൻകൂ‌ട്ടി തയാറാക്കിയ തിരക്കഥപ്രകാരം!! അഭിരാമിനെ ആക്രമിക്കാൻ ഇരുവരും പദ്ധതിയിട്ട കാര്യം തനിക്കറിയാമായിരുന്നു, കൊല്ലപ്പെട്ട വിവരം അറിഞ്ഞത് പിന്നീട്- ആനന്ദ, കൊലയ്ക്ക് ശേഷം തെളിവുനശിപ്പിക്കാൻ കൗമാരക്കാരൻ ടീഷർട്ട് കത്തിച്ചു, മിനിറ്റിന് മിനിറ്റിന് മൊഴിമാറ്റ...
10 Nov 2026
BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026