തിരുവനന്തപുരം; ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ ശേഷം ഒന്നാം പ്രതിയായ പതിനേഴുകാരൻ തന്റെ ടീ ഷർട്ട് കത്തിച്ചുകളഞ്ഞതായി പോലീസ് കണ്ടെത്തി. തെളിവു നശിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഇതോടെ പതിനേഴുകാരനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. രണ്ടാം പ്രതി ഉമർ മുഫ്താർ (22), മൂന്നാം പ്രതി ആനന്ദ (18) എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
അതേസമയം അഭിരാമിനെ ആക്രമിക്കാൻ പതിനേഴുകാരനും ഉമറും ചേർന്ന് പദ്ധതിയിട്ട കാര്യം തനിക്കറിയാമായിരുന്നുവെന്ന് ആനന്ദ പോലീനോടു പറഞ്ഞു. എന്നാൽ, അഭിരാം കൊല്ലപ്പെട്ട വിവരം പിന്നീടാണ് താൻ അറിഞ്ഞതെന്നും ആനന്ദ അറിയിച്ചു. ആനന്ദയെ ശ്രീകാര്യം പോലീസ് സ്റ്റേഷനിലും ഉമറിനെ കഴക്കൂട്ടത്ത് എസിപിയുടെ ഓഫിസിലുമാണു ചോദ്യംചെയ്തത്.
ഇതിനിടെ ഉമർ തുടർച്ചയായി മൊഴിമാറ്റുന്നത് പോലീസിനെ ആകെ കുഴയ്ക്കുകയാണ്. കാമുകിക്ക് ഉമർ അയച്ച ചാറ്റുകൾ മൊബൈൽ ഫോണിൽനിന്ന് പോലീസ് വീണ്ടെടുത്തിട്ടുണ്ട്. അഭിരാമിന്റെ മൊബൈൽ ഫോൺ കൊല നടന്ന സ്ഥലത്തിനടുത്ത് തെറ്റിയാർ തോട്ടിലും ഒന്നാം പ്രതിയുടെ ഫോൺ സമീപത്തെ നീർച്ചാലിലും എറിഞ്ഞുവെന്ന് ഉമർ ആദ്യം പറഞ്ഞെങ്കിലും പിന്നീട് കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞുവെന്നു മൊഴിമാറ്റി. പോലീസ് രണ്ടിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതുപോലെ ഉമറിനു രണ്ടാമതൊരു മൊബൈൽ ഫോൺ കൂടിയുണ്ടെന്ന വിവരം ലഭിച്ചെങ്കിലും അതും കണ്ടെടുക്കാനായിട്ടില്ല.
കൂടാതെ അഭിരാമിന്റെയും ഒന്നാം പ്രതിയുടെയും മൊബൈൽ ഫോൺ, കൊല ചെയ്യാൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റ്, അഭിരാം ധരിച്ചിരുന്ന മാല, ഷർട്ട് എന്നിവ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. ബെൽറ്റും അഭിരാമിന്റെ ഷർട്ടും ഉമറിന്റെ വീട്ടിലുണ്ടെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചോദ്യംചെയ്യലിനു ശേഷം ഉമറിനെയും ആനന്ദയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഉമറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. നാലാം പ്രതിയായ ഐശ്വര്യ(20)യെയും കസ്റ്റഡിയിൽ വാങ്ങും.