തിരുവനന്തപുരം: സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി അവശ്യമില്ലെന്ന നിർണായക ഉത്തരവുമായി സർക്കാർ. പുതിയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ മതിയാകും.
അൺഎയ്ഡഡ്, സ്വാശ്രയ കോളജുകളിൽ നിലവിൽ നടത്തി വരുന്ന കോഴ്സുകളുടെ സീറ്റ് വർധനവിന് ബന്ധപ്പെട്ട സർവകലാശാലകൾക്കു തന്നെ സീറ്റ് വർധിപ്പിച്ചു നൽകാം. സ്വാശ്രയ കോളജുകൾക്ക് അനുവദിക്കപ്പെട്ട കോഴ്സുകൾക്ക് വർഷം തോറും എൻഒസി പുതുക്കി നൽകുന്ന രീതി അവസാനിപ്പിക്കും. പകരം അടുത്ത അധ്യയന വർഷം മുതൽ 3 വർഷത്തിൽ ഒരിക്കൽ എൻഒസി മുൻകൂറായി പുതുക്കണം.
അതേസമയം സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. സർക്കാർ/എയ്ഡഡ്, ഓട്ടോണമസ് കോളജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകൾക്കും സീറ്റ് വർധനവിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് 2026 സെപ്റ്റംബർ 11ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ നിഷ്കർഷിച്ചിരുന്നതാണ്.
സർക്കാർ തലത്തിലുള്ള കർശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന ഈ വ്യവസ്ഥ നിലനിൽക്കെയാണ്, മാനേജ്മെന്റുകളുടെ വഴിവിട്ട സമ്മർദങ്ങൾക്ക് വഴങ്ങി അട്ടിമറി നടത്തിയതെന്നു പിണറായി പറഞ്ഞു. സീറ്റുകൾ തോന്നിയപോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.