BREAKING NEWS

പോലീസിനെ നിരന്തരം വട്ടംകറക്കി അഭിരാമിന്റെ കൊലയാളികൾ, ഇടയ്ക്കിടെ മൊഴിമാറ്റുന്നത് ഒഴിവാക്കാൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ‍ നീക്കം!! 17 കാരന്റെ പ്രായത്തിൽ സംശയമുന്നയിച്ച് കുടുംബം… പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാ പരിശോധനകളും പൂർത്തിയാക്കി, നിലവിൽ പതിനേഴര വയസ് മാത്രമേ പ്രതിക്ക് പൂർത്തിയായിട്ടുള്ളൂ- ശ്രീകാര്യം പോലീസ്

· · 1 min read
Share: Copied!

ശ്രീകാര്യം: പാങ്ങപ്പാറയിൽ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിനും വിശദമായ തെളിവെടുപ്പിനുമായി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ രണ്ടാംപ്രതി ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ ഉമർ (22), മൂന്നാംപ്രതിയായ കാമുകി മണക്കാട് സ്വദേശിയായ ആനന്ദ(18) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ടോടെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.

പ്രതികൾ പോലീസിനെ വഴിതെറ്റിക്കാൻ ഇടയ്ക്കിടെ മൊഴിമാറ്റുന്നതിനാൽ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. അതുപോലെ പ്രതികൾ ഉപയോഗിച്ച മൊബൈൽഫോണുകൾ, കൊല്ലപ്പെട്ട അഭിരാമിന്റെ ഫോൺ, വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. ഒന്നാംപ്രതിയായ പതിനേഴുകാരനെയും നാലാംപ്രതി ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശി ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

അതുപോലെ സംഭവസ്ഥലത്തും പ്രതികൾ ഒളിവിൽക്കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് വരുംദിവസങ്ങളിൽ രണ്ടാംഘട്ട തെളിവെടുപ്പു പൂർത്തിയാക്കും. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌. ആനന്ദയുടെ ഇൻസ്റ്റഗ്രാം വഴി ഒന്നാംപ്രതിയാണ് കഴിഞ്ഞ നവംബർ ഒന്നിന് അഭിരാമിനെ പാങ്ങപ്പാറയിലെ പേരൂരിലെ വാഴത്തോട്ടത്തിനുസമീപം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ പദ്ധതിയിട്ടതെങ്കിലും, അഭിരാം കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിൽ 17-കാരനായ ഒന്നാംപ്രതി പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിലാണ്.

ഇതിനിടെ പോലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് അഭിരാമിന്റെ കുടുംബം രം​ഗത്തെത്തി. കേസിൽ പോലീസ് പതിനേഴുകാരനായി ചിത്രീകരിക്കുന്ന ഒന്നാം പ്രതിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നാണ് അഭിരാമിന്റെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഗുരുതരമായ കേസിൽ കടുപ്പമേറിയ ശിക്ഷയിൽനിന്ന് പ്രതിയെ രക്ഷപ്പെടുത്താൻ ബോധപൂർവം പ്രായം കുറച്ചുകാണിക്കുകയാണോയെന്ന് സംശയമുണ്ടെന്ന് അഭിരാമിന്റെ കുടുംബം ആരോപിച്ചു. പ്രതിയുടെ യഥാർത്ഥപ്രായം സ്ഥിരീകരിക്കാൻ ശാസ്ത്രീയപരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ഇതിനായി പ്രതിയുടെ ജനനസർട്ടിഫിക്കറ്റും സ്കൂൾ പ്രവേശന രേഖകളും വിശദമായി അന്വേഷണസംഘം പുനഃപരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കാരണം കൊല്ലപ്പെട്ട അഭിരാമിന്റെ സീനിയറായാണ് ഒന്നാംപ്രതി സ്കൂളിൽ പഠിച്ചിരുന്നത്. മാത്രമല്ല, പ്രതിക്ക് 18 വയസ് പൂർത്തിയായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നതെന്നും ബന്ധുക്കൾ പറയുന്നു. കേസിലെ പ്രതികളെ മുൻപരിചയമൊന്നുമില്ല. എന്നാൽ, അഭിരാമിന്റെ സുഹൃത്തുക്കളിൽ ചിലർക്ക് ഒന്നാംപ്രതിയെക്കുറിച്ച് മുൻപ് അറിയാമായിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട അഭിരാമിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും അടക്കമുള്ള പ്രധാന തെളിവുകൾ ഇനിയും കണ്ടെത്താനാകാത്തത് കേസ്‌ അട്ടിമറിക്കാൻ കാരണമാകുമോയെന്ന ഭയത്തിലാണ് അഭിരാമിന്റെ കുടുംബം.

അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ശ്രീകാര്യം പോലീസും രംഗത്തെത്തി. പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാപരിശോധനകളും പൂർത്തിയാക്കി. നിലവിൽ പതിനേഴര വയസ് മാത്രമേ പ്രതിക്ക് പൂർത്തിയായിട്ടുള്ളൂയെന്നും പോലീസ് പറഞ്ഞു.

BREAKING NEWS
വിജയിയെ ഒതുക്കാൻ സ്റ്റാലിനും പളനിസാമിയും ഒന്നിക്കുമോ? തമിഴ്നാട്ടിൽ പുതിയ ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന; ഡിഎംകെയുടെ നീക്കത്തിൽ ടിവികെയ്ക്ക് വെല്ലുവിളി; ഉപതിരഞ്ഞെടുപ്പ് നിർണായകം
29 Nov 2026
BREAKING NEWS
വീടിന്റെ ഗേറ്റിൽ വച്ച മൺവിളക്കിൽനിന്ന് സാരിയിലേക്ക് തീപടർന്നു; 16 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ 18കാരിക്ക് ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
"രാജ്യത്തെ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ മോദി 'ബ്ലാങ്ക് ചെക്ക്' ആവശ്യപ്പെടുകയാണ്, എനിക്ക് ഭയമില്ല, ഭയമില്ലാത്ത പുതിയ തലമുറയിലെ യുവാക്കൾ എന്റെ കൂടെയുണ്ട്!! 850 എന്ന ഈ സംഖ്യ നിങ്ങളുടെ ഭാവി ഇല്ലാതാക്കാനുള്ളതാണ്, ഭാരതമാതാവിനെയും ഭരണഘടനയെയും നാം സംരക്ഷിക്കും, ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യത്തെയോ തൊടാൻ ആര...
29 Nov 2026
BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026