മലപ്പുറം: വാഹന പരിശോധനക്കിടെ പോലീസിനെ പരസ്യമായി ആക്രമിച്ചശേഷം ഒളിവിൽപ്പോയ പ്രതിയെ പിടികൂടി വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തിച്ചു. മലപ്പുറം വൈലത്തൂരിൽ വാഹന പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതി തിരൂർ പൂക്കയിൽ കുളങ്ങരകത്ത് മുഹമ്മദ് സഫ്വാനെ (26) ആലപ്പുഴയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ഇയാൾ മദ്യലഹരിയിൽ ഹെൽമെറ്റും ലൈസൻസുമില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കണ്ടു തടഞ്ഞതിനെ തുടർന്നായിരുന്നു യുവാക്കൾ പോലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രനും സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീഷിനും പരുക്കേറ്റിരുന്നു. മൂക്കിനും ചുണ്ടിനും ഗുരുതരമായി പരുക്കേറ്റ രാമചന്ദ്രനെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം സംഭവത്തിൽ തലക്കടത്തൂർ അരീക്കാട് സ്വദേശി കിഴക്കേപുറത്ത് ദിൽഷാദിനെ (22) സംഭവ ദിവസംതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വന്തം വീട്ടിൽനിന്ന് 45 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിലും കുറ്റിപ്പുറത്തുവച്ച് എംഡിഎംഎ പിടികൂടിയ കേസിലും സഫ്വാൻ പ്രതിയാണ്. എംഡിഎംഎ കേസിൽ യുഎഇയിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചതായും പോലീസ് പറഞ്ഞു.