ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹമുണ്ടായിരുന്നുവെന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ പരാമർശത്തിനെതിരെ പ്രതികരണവുമായി മകൾ ശർമ്മിഷ്ഠ മുഖർജി. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ, ഭരണപരിചയവും കഴിവും കഠിനാധ്വാനവുമുള്ള ഒരാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്നും അതിൽ ഞെട്ടേണ്ട കാര്യമെന്താണെന്നും ശർമ്മിഷ്ഠ ചോദിച്ചു.
സോണിയാ ഗാന്ധിയുടെ ‘ബിലോംഗിങ്: എ ജേണി ഓഫ് ലൗ’ എന്ന ഓർമക്കുറിപ്പിലാണ് പ്രണബ് മുഖർജിയുടെ പ്രധാനമന്ത്രി പദത്തോടുള്ള ആഗ്രഹത്തെക്കുറിച്ച് പരാമർശമുള്ളത്. 2010ൽ നടന്ന സംഭാഷണത്തിനിടെ കോൺഗ്രസ് അധ്യക്ഷയായിരുന്ന തന്നോട് പ്രണബ് മുഖർജി പ്രധാനമന്ത്രിയാകാനുള്ള തന്റെ ‘ദീർഘകാല ആഗ്രഹം’ വെളിപ്പെടുത്തിയിരുന്നുവെന്നും ‘ഉന്നത തലത്തിൽ ഒരു മാറ്റത്തിന് സമയമായി’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നുമാണ് സോണിയ പുസ്തകത്തിൽ കുറിച്ചത്.
ഇതിനോടു പ്രതികരിച്ച ശർമ്മിഷ്ഠ, ഗാന്ധി-നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നതും അത് തുറന്നുപറയുന്നതുമാണോ സോണിയയെ ഞെട്ടിച്ചതെന്ന് ചോദിച്ചു. കുടുംബപരമായ അവകാശത്തിലൂടെ ലഭിച്ച പദവികളിലൂടെയല്ല, സ്വന്തം കഴിവും അധ്വാനവും കൊണ്ടാണ് പിതാവ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
സോണിയാ ഗാന്ധിയോടോ മറ്റാരോടെങ്കിലുമോ പ്രണബ് മുഖർജിക്ക് വ്യക്തിപരമായ വിരോധമുണ്ടായിരുന്നില്ലെന്നും ശർമ്മിഷ്ഠ വ്യക്തമാക്കി. രാഷ്ട്രീയത്തിലെ അരക്ഷിതാവസ്ഥയും അതിനു പിന്നിലെ കാരണങ്ങളും തിരിച്ചറിയാൻ കഴിവുള്ള പ്രായോഗിക നേതാവായിരുന്നു പിതാവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി പദത്തെച്ചൊല്ലി പ്രണബ് മുഖർജിക്ക് തന്നോട് യാതൊരു വിരോധവുമുണ്ടായിരുന്നില്ലെന്നും സോണിയാ ഗാന്ധി തന്റെ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.