പയ്യന്നൂർ: സ്കൂട്ടറിൽ ലിഫ്റ്റ് നൽകി ആളില്ലാത്ത വഴിയിൽ നിർത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ച് രക്ഷപ്പെട്ടു. പാണപ്പുഴ സ്കൂളിന് സമീപത്തുള്ള വഴിയിലായിരുന്നു സംഭവം. കണാരം വയൽ സ്വദേശിനി എടവൻ ഹൗസിൽ ശാന്ത (58) യുടെ ഒന്നര പവൻ വരുന്ന സ്വർണ മാലയാണ് കവർന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
കണാരംവയലിൽ നിന്ന് മാതമംഗലം ഭാഗത്തേക്ക് പോകാനായി കണ്ണങ്കൈയിൽ ബസ് നിൽക്കുകയായിരുന്നു ശാന്ത. ഈ സമയത്ത് സ്കൂട്ടറിൽ വന്ന ഒരാൾ പരിചയഭാവം നടിച്ച് താനും മാതമംഗലത്തേക്കാണെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റുകയായിരുന്നു. പാണപ്പുഴ സ്കൂൾ സ്റ്റോപ്പ് എത്തിയപ്പോൾ എളുപ്പ വഴിയാണെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോകുന്ന ഇടറോഡിലേക്ക് കയറി.
ആളില്ലാത്ത സ്ഥലമെത്തിയപ്പോൾ ശാന്തയെ സ്കൂട്ടറിൽ നിന്ന് ഇറക്കിയതിന് ശേഷം സ്വർണമാല പൊട്ടിച്ചെടുത്ത് വേഗത്തിൽ രക്ഷപ്പെടുകയായിരിന്നു. സംഭവത്തിൽ കേസെടുത്ത പരിയാരം പൊലീസ് സ്ഥലത്തെത്തി നിരീക്ഷണ കാമറകൾ കേന്ദ്രികരിച്ച് അന്വേഷണം തുടങ്ങി.