ബോംബെ: വൃന്ദാവൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള വനിതാ ഭക്തയാണ് 2023ൽ ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള സേവാധാം ആശ്രമത്തിൽ താമസിച്ചിരുന്ന സമയത്ത് ഇന്ദ്രദേവ് മഹാരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് വീഡിയോ കോളുകളിലൂടെ അശ്ലീല പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചെന്നും ആരോപിച്ച് പരാതി നൽകിയത്.
മീരാ ഭയന്ദറിലെ കാശിമിറ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലം മഥുരയായതിനാൽ തുടർനടപടികൾക്കായി കൈമാറുന്ന രീതിയിലുള്ള സീറോ എഫ്ഐആറാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഇന്ദ്രദേവ് മഹാരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകയും പരാതിക്കാരിയും പൂനെയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മറ്റ് ചില സ്ത്രീകളും പ്രഭാഷകനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. എന്നാൽ നിലവിൽ ഒരു എഫ്ഐആർ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2023ൽ വൃന്ദാവനിലെ സേവാധാം ആശ്രമത്തിൽ താമസിച്ചിരുന്ന സമയത്ത് ഒരു രാത്രി വൈകി ഇന്ദ്രദേവ് മഹാരാജ് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. മുറിയിലെത്തിയപ്പോൾ വാതിൽ അടച്ചശേഷം അദ്ദേഹം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ആരെങ്കിലും എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാൽ മരുന്ന് വാങ്ങാൻ പോകുകയാണെന്ന് പറയണമെന്ന് ഇയാൾ നിർദേശിച്ചിരുന്നതായും യുവതി ആരോപിച്ചു.
ഇതിനുപുറമെ വീഡിയോ കോളുകളിലൂടെ വസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയും അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തുവെന്നാണ് മറ്റൊരു ആരോപണം. ഈ ദൃശ്യങ്ങൾ ഇയാൾ റെക്കോർഡ് ചെയ്തതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സംഭവങ്ങൾ പുറത്തുപറഞ്ഞാൽ സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെടുമെന്ന ഭയം സൃഷ്ടിച്ച് ചൂഷണം തുടരുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. “ഞാൻ ദൈവമാണ്, നീ എന്നെ അനുസരിക്കണം” എന്ന് ഇയാൾ പറഞ്ഞതായും യുവതി ആരോപിച്ചു.
അതേസമയം സോഷ്യൽ മീഡിയയിലൂടെ ഇന്ദ്രദേവ് മഹാരാജിന്റെ പ്രഭാഷണങ്ങൾ കണ്ടതോടെയാണ് 2023ൽ അദ്ദേഹവുമായി പരിചയത്തിലായതെന്ന് യുവതി പറയുന്നു. പിന്നീട് മുംബൈയിലെ സാന്താക്രൂസിൽ നടന്ന സത്സംഗത്തിൽ പങ്കെടുക്കുകയും അദ്ദേഹത്തിൽനിന്ന് ദീക്ഷ സ്വീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തു. താൻ നേരിടുന്ന വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇയാൾ തന്നെ ചൂഷണം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം. തുടർന്നാണ് വൃന്ദാവനിലെ ആശ്രമം സന്ദർശിച്ചതെന്നും പരാതിയിൽ പറയുന്നു.
മാസങ്ങളായി നീതിക്കായി ശ്രമിച്ചിട്ടും മഥുരയിൽ നൽകിയ പരാതി അധികൃതർ പരിഗണിച്ചില്ലെന്നും യുവതി ആരോപിച്ചു. സാമൂഹിക പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവുമായ തൃപ്തി ദേശായി ഇടപെട്ടതോടെയാണ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടത്. തുടർന്ന് തൃപ്തി ദേശായി പൂനെയിൽ വാർത്താസമ്മേളനം വിളിച്ചുചേർത്തു. പരാതിക്കാരിക്കൊപ്പം മറ്റ് നിരവധി സ്ത്രീകളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ദ്രദേവ് മഹാരാജിൽനിന്ന് തങ്ങൾക്കും സമാനമായ രീതിയിൽ ചൂഷണം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ഇവർ ആരോപിക്കുകയും സ്വന്തം അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു.
തുടർന്ന് പ്രഭാഷകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു. സമാനമായ രീതിയിൽ ചൂഷണത്തിന് ഇരയായിട്ടുണ്ടാകാവുന്ന മറ്റ് സ്ത്രീകളുടെ മൊഴികളും രേഖപ്പെടുത്തണമെന്നും അവർ പോലീസിനോട് ആവശ്യപ്പെട്ടു.