BREAKING NEWS

ബെംഗളൂരു കൂട്ടക്കൊലയ്ക്കു പിന്നിൽ ഭാര്യ വീട്ടുകാരോടുള്ള കൊടുംപക, ഇരകളെ വിളിച്ചുവരുത്തി ഭക്ഷണത്തിൽ ഉറക്ക​ഗുളിക ചേർത്ത് നൽകും, ഭാര്യയേയും അമ്മായിയമ്മയേയും കൊന്നത് ​അരകല്ലിന് തലയ്ക്കടിച്ച്, കൊല്ലപ്പെട്ട 7 വയസുകാരന്റെ നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെ പരിക്കുകൾ… മൃതദേഹം പൊതിഞ്ഞത് പ്രതിയുടെ 17 കാരി മകൾ? 4 പേരുടെ മൃതദേഹങ്ങൾക്കായി തെരച്ചിൽ

· · 1 min read
Share: Copied!

ബെംഗളൂരു: നഗരത്തെ നടുക്കിയ തുടർകൊലപാതക പരമ്പരയിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ 52കാരൻ എസ്. ഇന്ദുശേഖറിന്റെ ഭാര്യ സുനിതയുടെയും ഭാര്യയുടെ അമ്മ രൂപാവതിയുടെയും മൃതദേഹങ്ങൾ തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ വനമേഖലയിൽനിന്ന് പോലീസ് കണ്ടെത്തി. ഇതോടെ ബെംഗളൂരു കൂട്ടക്കൊലക്കേസിൽ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും തുടർനിയമനടപടികൾ പൂർത്തിയാക്കുന്നതിനുമായി കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന 12 അംഗ സംഘം സേലത്തേക്ക് തിരിച്ചതായി പോലീസ് അറിയിച്ചു.

ഇനി നാലുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ദീർഘകാലമായി നിലനിന്നിരുന്ന കുടുംബപ്രശ്‌നങ്ങളും ഭാര്യവീട്ടുകാരോടുള്ള ഇന്ദുശേഖറിന്റെ അമർഷവുമാണ് ഭാര്യയുടെ ബന്ധുക്കളെ ലക്ഷ്യമിടാൻ അയാളെ പ്രേരിപ്പിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ടാക്‌സി ഡ്രൈവറും പ്രാദേശിക സായാഹ്ന പത്രത്തിന്റെ നടത്തിപ്പുകാരനുമായിരുന്നു ഇന്ദുശേഖർ. ഈ സ്വാധീനമുപയോഗിച്ചാണ് ഇയാൾ മൃതദേഹഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചത് എന്നാണ് വിവരം.

കഴിഞ്ഞ മാസം 14-നും 31-നും ഇടയിലുള്ള ദിവസങ്ങളിൽ രാജാജിനഗറിലെ വാടകവീട്ടിലാണ് കൊലപാതക പരമ്പര നടന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, സുനിതയുടെ മാതാവ് രൂപാവതി, സുനിതയുടെ മൂത്ത സഹേദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാർ, ശിവകുമാറിന്റെ മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴുവയസുകാരനായ പുനീതിന്റെ മൃതദേഹമാണ് പോലീസ് ആദ്യം കണ്ടെടുത്തത്.

ശിവകുമാറിന്റെയും ശങ്കറിന്റെയും അവരുടെ ഭാര്യമാരുടേയും മൃതദേഹങ്ങളാണ് ഇനി കണ്ടെത്താനുള്ളത്. അവരുടെ രണ്ടുപേരുടെയും പേര് ദിവ്യ എന്നാണ്. രാജാജിനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ശ്രീരാംപുര ബാഷ്യം സർക്കിളിന് സമീപത്തുള്ള 59-ാം ക്രോസിലെ ഇന്ദുശേഖറിന്റെ വീട്ടിലാണ് കൊലപാതകങ്ങൾ നടന്നത്. ഗ്രൈൻഡറിന്റെ കല്ലിന്റെ ഭാഗം കൊണ്ട് തലയ്ക്കടിച്ചാണ് സുനിതയെയും രൂപവതിയെയും ഇന്ദുശേഖരൻ കൊലപ്പെടുത്തിയത്.

കൊലപ്പെടുത്തിയ സ്ത്രീകളുടെ മൃതദേഹങ്ങളിൽനിന്ന് സ്വർണാഭരണങ്ങൾ അഴിച്ചുമാറ്റിയ ശേഷമാണ് പ്രതി അവ ഉപേക്ഷിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭാര്യ സുനിതയുടെയും മറ്റ് മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങളിൽനിന്നാണ് ഇന്ദുശേഖർ ആഭരണങ്ങൾ കവർന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിൽ ചില ആഭരണങ്ങൾ ഇയാൾ വിറ്റതായും സംശയിക്കുന്നു. ആഭരണങ്ങൾ വിറ്റതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഭരണങ്ങൾ എവിടെയാണ് വിറ്റതെന്നും അതിലൂടെ ലഭിച്ച പണം എന്തിനാണ് ഉപയോഗിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

പോലീസിന് നൽകിയതായി പറയപ്പെടുന്ന പ്രതിയുടെ മൊഴി പ്രകാരം ഒക്ടോബർ 14 രാത്രിയാണ് ഇയാൾ ഭാര്യ സുനിതയെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം പ്രതി രൂപാവതിയെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചു. അത്താഴത്തിന് മട്ടൺ കറി തയ്യാറാക്കാമെന്നും പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചത്. വീട്ടിലെത്തിയ രൂപാവതിക്ക് ഉറക്കഗുളികകൾ നൽകിയെന്നും ഇവർ ഉറങ്ങിപ്പോയശേഷം ഭാരമുള്ള വസ്തുകൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. മറ്റ് കൊലപാതകങ്ങളിലും സമാനമായ രീതി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

പ്രതിയുടെ ടൊയോട്ട എറ്റിയോസ് കാറിൽനിന്ന് കുറഞ്ഞത് ആറോളം പെർഫ്യൂം കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കെ.എ-02-എ.എഫ്-1488 നമ്പറിലുള്ള കാർ അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിച്ചുവരികയാണ്. കൊലപാതകങ്ങൾക്കും മൃതദേഹങ്ങൾ കടത്തുന്നതിനും ഉപേക്ഷിക്കുന്നതിനും വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കാറിൽനിന്ന് കണ്ടെത്തിയ പെർഫ്യൂം കുപ്പികൾ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ നൽകുമോയെന്നും പോലീസ് പരിശോധിക്കും.

ഒക്ടോബർ 29ന് കൊല്ലപ്പെട്ടതായി കരുതുന്ന ഏഴുവയസുകാരൻ പുനീതിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ തലയിൽ നാല് മാരകമായ പരിക്കുകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെയാണ് പരിക്കുകൾ കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലയിൽ ആവർത്തിച്ച് അടിച്ചതാകാമെന്നാണ് പരിക്കുകളുടെ സ്വഭാവം സൂചിപ്പിക്കുന്നതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

ബുധനാഴ്ചയാണ് 52കാരനായ ക്യാബ് ഡ്രൈവർ ഇന്ദുശേഖറിനെ ബെംഗളൂരുവിലെ ഉൽസൂർഗേറ്റ് പരിസരത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബറിലെ 15 ദിവസത്തിനിടെ ഇയാൾ സ്വന്തം ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ആറ് ബന്ധുക്കളെയും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ സംശയം. ആകെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരായ ആരോപണം.

കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ അരകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് വികൃതമാക്കിയശേഷം പ്ലാസ്റ്റിക് കവറുകളുടെ ഒന്നിലധികം പാളികളിൽ പൊതിയുകയായിരുന്നു. പിന്നീട് മൃതദേഹങ്ങൾ ചാക്കുകളിലാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങളും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച മാർഗങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

ദീർഘകാലമായി നിലനിന്നിരുന്ന ദാമ്പത്യപ്രശ്നങ്ങളും ഭാര്യയുടെ ബന്ധുക്കളോടുള്ള കടുത്ത വിരോധവുമാണ് കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയുമായുള്ള തർക്കങ്ങളിൽ ബന്ധുക്കൾ എപ്പോഴും അവൾക്ക് പിന്തുണ നൽകുന്നതാണ് ഇന്ദുശേഖറിനെ പ്രകോപിപ്പിച്ചതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാലക്രമേണ കടുത്ത പകയായി മാറുകയും അത് കൊലപാതകങ്ങളിലേക്ക് നയിക്കുകയും ചെയ്തതാകാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

കൊലപാതകങ്ങളിൽ പ്രതിയുടെ 17 വയസുള്ള മകൾക്കും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ചില കൊലപാതകങ്ങളിലും മൃതദേഹങ്ങൾ പൊതിഞ്ഞ് ഉപേക്ഷിക്കുന്നതിലും മകൾ പിതാവിനെ സഹായിച്ചിട്ടുണ്ടാകാമെന്നാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.

അതിനിടെ, കേസിലെ രണ്ട് ഇരകളുടെ മകനായ പത്തുവയസുകാരനെ പ്രതിയെ അറസ്റ്റ് ചെയ്ത സമയത്ത് ഇയാളുടെ കാറിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയെ കൂടി കൊലപ്പെടുത്താൻ ഇന്ദുശേഖർ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. സമയോചിതമായ പോലീസ് ഇടപെടലിലൂടെയാണ് കുട്ടിയെ കണ്ടെത്താനായതെന്നും അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയിൽനിന്നും മറ്റ് കുടുംബാംഗങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഭാര്യയെയും ഭാര്യയുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ കൊലപാതകങ്ങളുടെ പൂർണമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബെംഗളൂരു പോലീസ്. മൃതദേഹങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ, കവർന്ന സ്വർണാഭരണങ്ങളുടെ വിൽപ്പന, കൊലപാതകങ്ങളിൽ മകൾക്കുള്ള പങ്ക്, പത്തുവയസുകാരനെ കൊലപ്പെടുത്താനുള്ള നീക്കം തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. സേലത്ത് കണ്ടെത്തിയ മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാകുന്നതോടെ കേസിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

BREAKING NEWS
18കാരനായ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു, ബിജെപി നേതാവും കൂട്ടാളികളും പിടിയില്‍
07 Nov 2026
BREAKING NEWS
ഡോക്ടറെ മർദിച്ച കേസ്: നടിയടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷ തള്ളി, കസ്റ്റഡിയിൽ ചോദ്യം ചെയ്യും; ഒളിവിലുള്ള ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
07 Nov 2026
BREAKING NEWS
ടിപ്പർ ലോറി പിന്നിൽ നിന്ന് വരുന്നതു കണ്ട് സ്കൂട്ടർ ഇടതുവശത്തേക്ക് ഒതുക്കി നിർത്തി, എന്നിട്ടും ജീവനെടുത്തു!! വാഹനം സ്കൂട്ടറിൽ ഇടിച്ചുകയറി, റോഡിലേക്കു തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026