കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ലെന്നും അവർ ഗോഡ്സെയെപ്പോലെ അക്രമകാരികളല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
അതുപോലെ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് നിങ്ങളുടെ മണ്ഡലമാണ്. ഈ രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കാൻ മന്ത്രി ശ്രമിക്കണം. അവർ എങ്ങനെ സമരം ചെയ്തു എന്ന് ചർച്ച ചെയ്യുന്ന മന്ത്രി അവർ എന്തിന് സമരം ചെയ്തു എന്ന് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.
തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന വൈസ് ചാൻസലറുടെ ആരോപണം വെറും നാടകമാണ്. കുട്ടികൾ നാടക വിദ്യാർത്ഥികളാണ് അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ തലമുറ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ഗാന്ധിയെ പോലെ സമാധാനപരമായി സമരം ചെയ്യുന്നവരാണ്. ഇവിടെ ഉള്ളത് മനുസ്മൃതി അല്ല, ഭരണഘടനയാണ്. ഉത്തരവാദിത്തപ്പെട്ടവർ ഇവിടെ വന്ന് കുട്ടികളെ കേൾക്കുകയും പ്രശ്‌നം പരിഹരിക്കുകയും വേണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
എന്തുകൊണ്ടാണ് ഇവിടുത്തെ സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?. എന്ത് കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പോലെ പെരുമാറുന്നത്?. ഈ വിഷയം ഉടനെ പരിഹരിക്കണം. സമരം നീണ്ട് പോവുകയാണെങ്കിൽ താൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നിരാഹാരം ഇരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതുപോലെ കലാകാരന്മാർ തങ്ങളുടെ കലയിലൂടെ പ്രതിഷേധം രേഖപ്പെടുത്തും. കലയെയും വിദ്യാർത്ഥി പ്രതിഷേധങ്ങളെയും മനസിലാക്കാനുള്ള തലച്ചോറോ സംവേദന ക്ഷമതയോ വിസിക്കില്ല. ബ്രിട്ടീഷുകാർക്ക് ‘മാപ്പപേക്ഷകൾ’ എഴുതിക്കൊടുത്തവരാണ് രാജ്യത്തെ ഭരണാധികാരികൾ. ഭഗത് സിംഗ്, ഗാന്ധിജി, അംബേദ്കർ എന്നിവരുടെ പാരമ്പര്യമുള്ള വിദ്യാർത്ഥികൾ ആരോടും മാപ്പ് പറയില്ലെന്നും പ്രകാശ് രാജ് സമരവേദിയിൽ പറഞ്ഞു.