ഗുരുവായൂർ: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ട് കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ ശ്രുതി പുതുജീവിതത്തിലേക്ക്. ശ്രുതിയുടെയും മാനന്തവാടി സ്വദേശിയും വയനാട് കലക്ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപിന്റെയും വിവാഹം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ മുൻമന്ത്രി കെ. രാജനുമുണ്ടായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
”ഈ നിമിഷത്തിൽ വളരെ സന്തോഷമുണ്ട്. എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്. മുന്നോട്ടുള്ള ജീവിതവും സന്തോഷകരമാകട്ടെയെന്ന് പ്രാർഥിക്കുന്നു” – വിവാഹശേഷം ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങൾ പിന്തുടർന്ന ജീവിതമായിരുന്നു ശ്രുതിയുടേത്. വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. വീടും തകർന്നു. പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെട്ട് തകർന്നുപോയ ശ്രുതിക്ക് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ ജെൻസനും പിന്നീട് വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ശ്രുതിയുടെ കാലുകൾക്കും പരുക്കേറ്റിരുന്നു.
ദുരന്തങ്ങൾക്കിടയിലും ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു പിന്നീട് ശ്രുതി. ജോലിക്കായുള്ള ശ്രമങ്ങൾക്കൊടുവിൽ വയനാട് കലക്ടറേറ്റിലെ റവന്യൂ വകുപ്പിന്റെ പൊതുജന പരാതി പരിഹാര വിഭാഗത്തിൽ (പി.ജി. സെൽ) ക്ലാർക്കായി നിയമനം ലഭിച്ചു. 2024 ഡിസംബറിലാണ് ശ്രുതി ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ സന്ദീപിനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ശ്രുതി.