കൊച്ചി: നഗരത്തിൽ അമിതവേഗത്തിൽ പായുന്ന സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പോലീസിന് കഴിയില്ലെങ്കിൽ അത് തുറന്നുപറയണം. ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ നിരീക്ഷിച്ചു. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള റോഡിൽ സ്വകാര്യ ബസിടിച്ച് തൃശ്ശൂർ സ്വദേശിനിയായ അക്ഷര മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
ഡെപ്യൂട്ടി കമ്മിഷണറെയും അസിസ്റ്റന്റ് കമ്മിഷണർമാരെയും വിളിച്ചുവരുത്തിയ കോടതി, ഒരാഴ്ചയ്ക്കകം ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സീബ്രാ ക്രോസിങ് എവിടെയാണെന്നുപോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് നഗരത്തിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്യാമറകൾ പോലും കണ്ണടച്ചിരിക്കുകയാണ്. പോലീസ് കർശന നടപടി സ്വീകരിച്ചാൽ സ്ഥിതിഗതികൾ മാറുമെന്നും കോടതി പറഞ്ഞു.
ബസുകളുടെ അമിതവേഗവും അപകടങ്ങളും തുടർക്കഥയാണെന്ന് അമിക്കസ് ക്യൂറി വിനോദ് ഭട്ട് കോടതിയെ അറിയിച്ചു. വലിയ വാഹനങ്ങൾ ഓവർടേക്ക് ചെയ്യരുതെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണം. എല്ലാവരും തിടുക്കത്തിലാണ്. എങ്ങോട്ടാണ് പോകുന്നതെന്നുപോലും അറിയില്ല. മറ്റുള്ളവർ വഴിമാറിക്കൊടുക്കുമെന്നാണ് ബസുകൾ കരുതുന്നത്. ഇതിനായി ഹോൺ മുഴക്കി യാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാഹനാപകട കേസുകളിൽ ബസുടമകൾക്കെതിരേ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ബസുടമകൾക്ക് ഒഴിഞ്ഞുമാറാനാകില്ല. അവർക്കെതിരേയും നടപടി വേണം. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്താൽ പിന്നീട് തിരിച്ചെത്തും. ബസുകളുടെ ചുവപ്പുനിറം മാറ്റിയെങ്കിലും സ്വഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും കോടതി വിമർശിച്ചു.
കൊച്ചി പഴയ കൊച്ചിയല്ലെന്നും റോഡിലൂടെ കാൽനടയാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, അവർക്ക് നടക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. കാക്കനാട്ടെ അപകടത്തിൽപ്പെട്ട യുവതിക്ക് മാറിനിൽക്കാൻ പോലും ഇടമുണ്ടായിരുന്നില്ല. ഇൻഫോപാർക്കിലേക്കുള്ള വഴി ഇടുങ്ങിയതാണ്. അവിടെ നടപ്പാതയുമില്ല. അക്ഷര അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. റോഡിലൂടെ നടന്നുവരുന്ന യുവതിയെ ആർക്കും കാണാമായിരുന്നുവെന്നും കോടതി പറഞ്ഞു. ഒരു സംവിധാനം മുഴുവൻ പരാജയപ്പെടുകയായിരുന്നുവെന്നും കോടതി വിമർശിച്ചു.
ബസുകളുടെ അമിതവേഗത്തിന് സമയക്രമത്തിന്റെ പേരിൽ ന്യായീകരണം നൽകാനാകില്ല. സമയക്രമം സംബന്ധിച്ച കാര്യങ്ങൾ മോട്ടോർ വാഹനവകുപ്പാണ് പരിശോധിക്കേണ്ടത്. റോഡിലെ സുരക്ഷ ഉറപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. അമിതവേഗത്തെക്കുറിച്ച് പരാതി പറയാൻ പോലീസിനെ വിളിച്ചാൽ ഫോട്ടോയോ വീഡിയോയോ ഉണ്ടോയെന്നാണ് ചോദിക്കുന്നത്. അല്ലാതെ അമിതവേഗം എങ്ങനെയാണ് കണ്ടെത്തുകയെന്നാണ് പോലീസിന്റെ മറുചോദ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഓൺലൈനായി കോടതിയിൽ ഹാജരായിരുന്ന ഡി.സി.പി. അരുൺ കെ. പവിത്രൻ ഉറപ്പുനൽകി. മൂന്ന് അസിസ്റ്റന്റ് കമ്മിഷണർമാരും കോടതിയിൽ ഹാജരായിരുന്നു.