കൊച്ചി: മഹാരാജാസ് കോളേജിൽ ബിരുദദാനച്ചടങ്ങിനെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റ പ്രസംഗം തടസ്സപ്പെടുത്തിയെന്ന വിവാദത്തിൽ രണ്ട് എസ്.എഫ്.ഐ. നേതാക്കൾക്കെതിരെ നടപടി. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കോളേജ് കൗൺസിൽ യോഗത്തിലാണ് നടപടി തീരുമാനിച്ചത്. സസ്പെൻഷനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ. അറിയിച്ചു.
നടപടി എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകി. സസ്പെൻഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ കോളേജിൽ പ്രതിഷേധ പ്രകടനവും നടന്നു.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ചാണ് മഹാരാജാസിലെ എസ്.എഫ്.ഐ. നേതാക്കൾ മന്ത്രിയെ ചോദ്യം ചെയ്തതെന്നാണ് വിവരം. വേദിയിൽ കയറി മന്ത്രിയോട് കയർത്തതും ബിരുദദാനച്ചടങ്ങ് തടസ്സപ്പെടുത്തിയതും ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് കോളേജ് കൗൺസിൽ വിലയിരുത്തി.
വേദിയിൽ കയറി മന്ത്രിയോട് ചോദ്യം ഉന്നയിച്ച വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ, പ്രതിഷേധത്തിന് നേതൃത്വം നൽകിയ ചെയർമാൻ പ്രണീൽ രാജ് എന്നിവർക്കാണ് സസ്പെൻഷൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.