കൊച്ചി: രണ്ടാം വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഗായിക റിമി ടോമി. ബോഡി ബിൽഡറും ജിം ട്രെയ്‌നറുമായ മുംബൈ മലയാളി ലിബിൻ മാത്യുവാണ് വരനെന്ന് റിമി പുതിയ വ്ലോഗിലൂടെ വെളിപ്പെടുത്തി. നവംബറിൽ മുംബൈയിലെ ഡോംബിവല്ലിയിൽ വെച്ച് വിവാഹം നടക്കുമെന്നും വിവാഹക്ഷണക്കത്ത് പങ്കുവെച്ചുകൊണ്ട് താരം അറിയിച്ചു.
ലിബിൻ തന്റെ ഇപ്പോഴത്തെ ജിം കോച്ചാണെന്നും മാർച്ച് 10നാണ് ഇരുവരും ഫോണിൽ ആദ്യമായി സംസാരിച്ചതെന്നും റിമി പറഞ്ഞു. മാർച്ച് 14ന് ആദ്യമായി നേരിൽ കണ്ടു. അതിനുമുമ്പേ ഫോണിലൂടെയുള്ള സംസാരത്തിൽ പരസ്പരം ഇഷ്ടമായിരുന്നുവെന്നും വിവാഹം എന്ന തീരുമാനത്തിലേക്ക് അപ്പോൾത്തന്നെ എത്തിയിരുന്നുവെന്നും റിമി വെളിപ്പെടുത്തി.
ചെറിയ പള്ളിയിലും കുഞ്ഞു ഓഡിറ്റോറിയത്തിലുമായാണ് വിവാഹച്ചടങ്ങ് നടത്തുന്നത്. ഒരു ചടങ്ങ് മാത്രമേയുള്ളൂ. സിനിമാ മേഖലയിലുള്ളവരെപ്പോലും ക്ഷണിക്കുന്നില്ലെന്നും ആർഭാടങ്ങളില്ലാത്ത ചെറിയ വിവാഹമായിരിക്കുമെന്നും റിമി വ്യക്തമാക്കി. ലിബിൻ ജിമ്മിന് ഏറെ പ്രാധാന്യം നൽകുന്നയാളാണെന്നും മികച്ച പരിശീലകനാണെന്നും താരം കൂട്ടിച്ചേർത്തു.
വിവാഹശേഷം കൂടുതൽ സമയം മുംബൈയിലായിരിക്കുമെങ്കിലും തന്റെ ലോകമായ കൺമണി, കുട്ടാപ്പി, കുട്ടിമണി എന്നിവരിൽനിന്ന് അകന്നുപോകില്ലെന്നും റിമി പറഞ്ഞു.
മുൻ ഭർത്താവ് റോയ്സിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളോടും റിമി പ്രതികരിച്ചു. വിവാഹമോചനം ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും റോയ്സിന് ഇപ്പോൾ നല്ലൊരു പങ്കാളിയെ ലഭിച്ച് സന്തോഷത്തോടെ ജീവിക്കുകയാണെന്നും റിമി പറഞ്ഞു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അനാവശ്യ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് വേദനിപ്പിക്കുന്നതായും താരം വ്യക്തമാക്കി.
2008ലാണ് റിമി ടോമി വ്യവസായിയായ റോയ്സിനെ വിവാഹം ചെയ്തത്. 11 വർഷത്തെ ദാമ്പത്യത്തിനുശേഷം 2019ൽ ഇരുവരും നിയമപരമായി വിവാഹമോചനം നേടി. റിമിയുടെ രണ്ടാം വിവാഹമാണിത്.
‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന ഗാനത്തിലൂടെയാണ് റിമി പിന്നണിഗാനരംഗത്ത് ശ്രദ്ധ നേടിയത്. സ്റ്റേജ് ഷോകളിലെ ഊർജസ്വലമായ പ്രകടനങ്ങളിലൂടെയും ടെലിവിഷൻ അവതരണത്തിലൂടെയും അഭിനയത്തിലൂടെയും താരം പ്രേക്ഷകർക്കിടയിൽ സാന്നിധ്യമുറപ്പിച്ചു.