പനാജി: ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർ വികാസ് ദേക്കറിനും പീഡനത്തിന് സഹായം നൽകിയെന്ന് ആരോപിക്കപ്പെടുന്ന രഞ്ജിനി പാല്യേക്കറിനുമെതിരെ പോലീസ് കേസെടുത്തു. നോർത്ത് ഗോവയിലെ റിബന്ദറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽവെച്ചാണ് അതിക്രമങ്ങൾ നടന്നതെന്നാണ് പരാതി. സംഭവത്തിൽ നിയമനടപടികൾക്കും വകുപ്പുതല നടപടികൾക്കും തുടക്കമിട്ടതായി ഗോവ പൊലീസ് ഡയറക്ടർ ജനറൽ അലോക് കുമാർ അറിയിച്ചു.
16 വയസികാരിയായ പെൺകുട്ടിക്കെതിരെ ജൂലൈ 25നും ഒക്ടോബർ 27നുമാണ് അതിക്രമങ്ങൾ നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവെച്ച് ഇൻസ്പെക്ടർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവങ്ങളിൽ മറ്റൊരു സ്ത്രീയുടെ സഹായവും ഉണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പെൺകുട്ടി ആദ്യം ചൈൽഡ് ഹെൽപ്ലൈനെ സമീപിച്ചാണ് പരാതി അറിയിച്ചത്. തുടർന്ന് ഈ പരാതി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വികാസ് ദേക്കറിന് തന്നെ കൈമാറുകയായിരുന്നു. എന്നാൽ, പിന്നീട് ഇൻസ്പെക്ടർ തന്റെ ഓഫീസിനുള്ളിൽവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു.
കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ സംവിധാനത്തിലൂടെ ലഭിച്ച പരാതി കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥനെതിരെയാണ് പിന്നീട് ഗുരുതരമായ ആരോപണം ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ഇൻസ്പെക്ടർക്കും ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന രഞ്ജിനി പാല്യേക്കറിനുമെതിരെ കേസെടുക്കുകയും ചെയ്തു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസിലെ 75-ാം വകുപ്പ് പ്രകാരം ലൈംഗിക പീഡനത്തിനും 127-ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി തടങ്കലിൽവയ്ക്കുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. പോക്സോ നിയമത്തിലെ 10-ാം വകുപ്പ് പ്രകാരമുള്ള ഗുരുതരമായ ലൈംഗികാതിക്രമം, 12-ാം വകുപ്പ് പ്രകാരമുള്ള ലൈംഗിക പീഡനം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
സംഭവത്തിൽ പോലീസ് സേനയുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഗോവ പോലീസ് ഡയറക്ടർ ജനറൽ അലോക് കുമാർ വ്യക്തമാക്കി. ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെയും സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീക്കെതിരെയും നിയമപരമായ നടപടികൾക്കൊപ്പം വകുപ്പുതല നടപടികളും ആരംഭിച്ചു. അതിക്രമങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലം ക്രൈംബ്രാഞ്ച് ഓഫീസായതിനാൽ കേസ് അന്വേഷണത്തിനായി ഓൾഡ് ഗോവ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.