ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയ ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. താരത്തിന്റെ ഭാവിയെക്കുറിച്ചും ടീമിൽ അദ്ദേഹത്തിനുള്ള സ്ഥാനത്തെക്കുറിച്ചും ടീം മാനേജ്മെന്റ് വ്യക്തമായ നിലപാട് അറിയിക്കണമെന്ന് ചോപ്ര ആവശ്യപ്പെട്ടു. സ്ഥിരമായി കളിക്കാൻ അവസരം നൽകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിലേക്ക്, പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക്, മടങ്ങി കൂടുതൽ മത്സരപരിചയം നേടുന്നതാണ് വൈഭവിന് ഗുണകരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാന താരങ്ങളിൽ ആരെങ്കിലും കളിക്കാനില്ലാത്തപ്പോൾ മാത്രം പകരക്കാരനായി പരിഗണിക്കേണ്ട താരമല്ല വൈഭവെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ രണ്ടാം ടി20യിലും മൂന്നാം ടി20യിലുമാണ് വൈഭവിന് അവസരം ലഭിച്ചത്. പരിക്കിനെത്തുടർന്ന് ഇഷാൻ കിഷൻ പുറത്തായതോടെയാണ് വൈഭവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ നാല് റൺസെടുത്ത താരം മൂന്നാം മത്സരത്തിൽ 45 റൺസ് നേടി. എന്നാൽ പരിക്കിൽനിന്ന് മുക്തനായി ഇഷാൻ കിഷൻ തിരിച്ചെത്തിയതോടെ നാലാം മത്സരത്തിൽ വൈഭവിന് ടീമിൽ ഇടം നഷ്ടമായി.
പരമ്പരയിൽ ഇന്ത്യയ്ക്ക് നിർണായകമായ ഒന്നും നേടാനില്ലാത്ത നാലാം ടി20 മത്സരം ഡെഡ് റബ്ബറായിരുന്നുവെന്നും അത്തരമൊരു മത്സരത്തിൽ വൈഭവിനെ പുറത്തിരുത്തിയത് എന്തിനാണെന്നുമാണ് ചോപ്രയുടെ ചോദ്യം. യുവതാരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഇന്ത്യൻ ടീമിന്റെ സമീപനത്തെക്കുറിച്ചും ഇത് സംശയങ്ങളുയർത്തുന്നതായി അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ മത്സരത്തിൽ അഭിഷേക് ശർമ സെഞ്ചുറി നേടി. വൈഭവിന് അർധസെഞ്ചുറി നഷ്ടമായി. എങ്കിലും ബാറ്റിങ് മികച്ചതായിരുന്നു. അതിനുശേഷം ഇഷാൻ കിഷൻ ഫിറ്റാണെങ്കിൽ ആരെയാണ് പുറത്തിരുത്തുക എന്ന ചോദ്യമുയർന്നു. യുക്തിപരമായി ചിന്തിച്ചാൽ പരിക്കേറ്റ കിഷന് പകരം ടീമിലെത്തിയ വൈഭവ് സൂര്യവംശിയെയാണ് പുറത്തിരുത്തേണ്ടത്. എന്നാൽ ഈ മത്സരം ഒരു ഡെഡ് റബ്ബറായിരുന്നു,” ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
മറ്റൊരു താരം പരിക്കേറ്റ് പുറത്താകുമ്പോൾ മാത്രമാണോ വൈഭവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുകയെന്നും ചോപ്ര ചോദിച്ചു. അങ്ങനെയാണെങ്കിൽ താരത്തെ ടീമിനൊപ്പം നിലനിർത്തുന്നതിൽ അർഥമില്ലെന്നും കൂടുതൽ മത്സരങ്ങൾ കളിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“മറ്റൊരാൾക്ക് പരിക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അല്ലെങ്കിൽ മറ്റാരെങ്കിലും ലഭ്യമല്ലാത്തപ്പോൾ മാത്രമോ? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ പറയാം. ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ തുടരുന്നത് അവന് പഠിക്കാൻ സഹായിക്കുമെന്നത് ശരിയാണ്. എന്നാൽ ഇത് ദീർഘകാലം തുടരുകയാണെങ്കിൽ ബാറ്റുമായി മൈതാനത്തിറങ്ങി കളിക്കാനുള്ള അവസരമാണ് അവന് വേണ്ടത്,” ചോപ്ര പറഞ്ഞു.
യുവതാരത്തിന്റെ ഭാവിയെക്കുറിച്ച് ടീം മാനേജ്മെന്റ് വ്യക്തമായ പദ്ധതി പുറത്തുവിടണമെന്നും ചോപ്ര ആവശ്യപ്പെട്ടു. വൈഭവിന്റെ കാര്യത്തിൽ പരിശീലകരും ടീം മാനേജ്മെന്റും ഇതിനകം ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടാകാമെന്നും എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ടീമിന്റെ ഭാവി പദ്ധതിയും സമീപനവും മാനേജ്മെന്റ് തുറന്നുപറയണം. അവർ ഇതിനകം ഇതേക്കുറിച്ച് ചിന്തിക്കുകയും ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ടാകാം. പക്ഷേ, ഇക്കാര്യത്തിൽ ആരോടും ഒന്നും വ്യക്തമാക്കിയിട്ടില്ല. വൈഭവ് സൂര്യവംശിയെക്കുറിച്ച് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. നാലാം മത്സരത്തിൽ അവൻ പുറത്തിരുന്നത് അൽപ്പം നിരാശയുണ്ടാക്കി,” ചോപ്ര പറഞ്ഞു.
അതേസമയം, നാലാം ടി20യിൽ തിരിച്ചെത്തിയ ഇഷാൻ കിഷന് ബാറ്റിങ്ങിൽ തിളങ്ങാനായില്ല. പൂജ്യത്തിന് പുറത്തായ താരം നിരാശപ്പെടുത്തി. ന്യൂസിലൻഡ് ഉയർത്തിയ 260 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമാണ് നേടാനായത്.