തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ആറുദിവസമായി നിരാഹാരസമരം നടത്തിയിരുന്ന എൽ.പി.എസ്.ടി. ഉദ്യോഗാർഥി വളർമതിയെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് നടപടി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വളർമതിയുടെ രക്തസമ്മർദം ഉയർന്ന നിലയിലാണെന്നും പൾസ് നിരക്ക് കുറവാണെന്നും കണ്ടെത്തിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും വളർമതിയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ.
ഇതോടെ പോലീസും സമരക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും സംഘർഷവുമുണ്ടായി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് എ.ബി.വി.പി. പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെയാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാക്കുമെന്ന് എൽ.പി.എസ്.ടി. ഉദ്യോഗാർഥികൾ അറിയിച്ചു. വളർമതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സമരക്കാർ ഒന്നടങ്കം നിരാഹാരസമരത്തിലേക്ക് കടക്കുമെന്നും പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുമെന്നും സമരസമിതി പ്രഖ്യാപിച്ചു.
സമരത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതലാണ് എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം ആരംഭിച്ചത്. സമരസമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്തായിരുന്നു നിരാഹാരത്തിന് തുടക്കമിട്ടത്. ആദ്യഘട്ട സമരത്തിനുശേഷം സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.
വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കുക, ഉദ്യോഗാർഥികൾക്ക് നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ വേഗത്തിലാക്കാൻ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രണ്ടാംഘട്ട സമരം ആരംഭിച്ചത്.