കൊച്ചി: മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ മന്ത്രിയെ വേദിയിൽ വളഞ്ഞത്. പിന്നാലെ പരിപാടി നിർത്തി മന്ത്രി മടങ്ങി.
മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ബാനറുകളും പ്ലക്കാർഡുകളുമായി വിദ്യാർഥികൾ വേദിയിലെത്തിയത്. എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
കാലടി സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ചാണ് 16 പേരെ സസ്പെൻഡ് ചെയ്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസം പിന്നിട്ടിട്ടും നടപടി പിൻവലിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.