തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ അധിക്ഷേപങ്ങളിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സൈബർ ആക്രമണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും മമ്മൂട്ടിയെപ്പോലുള്ളവരെ നേരിൽക്കണ്ട് സംസാരിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായവ്യത്യാസമുള്ളവരെപ്പോലും നേരിൽക്കണ്ട് സംവദിക്കണമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ കാണാൻ മമ്മൂട്ടി താത്പര്യം പ്രകടിപ്പിച്ചാൽ അതിന് വിസമ്മതിക്കേണ്ട കാര്യമില്ല. ക്രിയാത്മക വിമർശനങ്ങളെയാണ് പാർട്ടി സ്വാഗതം ചെയ്യുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
മമ്മൂട്ടി ലോകമറിയുന്ന മലയാളത്തിന്റെ മഹാനടനാണെന്നും കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകാരം പ്രധാനമാണെന്നും ഗോവിന്ദൻ പറഞ്ഞു. മമ്മൂട്ടി ചിലപ്പോൾ വിമർശനം ഉന്നയിച്ചിട്ടുണ്ടാകാം. ഇടതുപക്ഷത്തിനെതിരെയും പാർട്ടിക്കെതിരെയും പലരും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അത്തരം വിമർശനങ്ങളെല്ലാം ക്രിയാത്മകമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോജിക്കുന്നവരുമായും വിയോജിക്കുന്നവരുമായും നല്ല രീതിയിലുള്ള സംവേദനം വേണമെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി-യുവജന സംഘടനകൾക്ക് രാജ്യത്തുടനീളം അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. മമ്മൂട്ടി ഈ സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ചർച്ച ചെയ്യാനും തയ്യാറായാൽ അതിന് അവസരമൊരുക്കണം. അദ്ദേഹത്തെ ഉൾപ്പെടെ എല്ലാവരുമായി ചർച്ച ചെയ്ത് മുന്നോട്ടുപോകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മമ്മൂട്ടിക്കെതിരെ വളഞ്ഞിട്ടാക്രമണം നടത്താൻ സിപിഐഎമ്മിന് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.