പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അമ്മ മൂന്നും അഞ്ചും വയസുള്ള മക്കളെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം രണ്ടാംപ്രതി മാർട്ടിനിലേക്കെത്താൻ നിർണായകമായത് വാട്‌സ്ആപ്പ് ചാറ്റുകളിലെ വിവരങ്ങൾ. കുട്ടികളെ ഒഴിവാക്കിയാൽ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ ഉറപ്പ് നൽകിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഇതോടെയാണ് അന്വേഷണം മാർട്ടിനിലുമെത്തി നിന്നത്.
അതേസമയം നിവേദ്യയും മാർട്ടിനും തമ്മിൽ ഒരു വർഷത്തെ ബന്ധമുണ്ട്. കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇരുവരും വീട്ടിൽ നിന്ന് പോയത്. പിന്നീട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് സമീപത്തെ വീടുകളിൽ നിവേദ്യ എത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മാത്രമല്ല കൊലപാതക സമയം മാർട്ടിൻ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചിരുന്നത് മാർട്ടിനായിരുന്നു.
കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്. വീട്ടിനകത്തെ കുളിമുറിയിലെ സിമന്റ് വാട്ടർ ടാങ്കിനുള്ളിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് കുട്ടികളുടെ മരണമെന്നായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ, അഞ്ച് വയസുകാരിയായ പെൺകുട്ടിക്ക് തനിയെ രക്ഷപ്പെടാൻ സാധിക്കുന്ന രീതിയിലുള്ള ചെറിയ ടാങ്കായിരുന്നിട്ടും മുങ്ങിമരണം സംഭവിച്ചതിൽ പോലീസിന് സംശയമുണ്ടായിരുന്നു.
തുടർന്ന് നിവേദ്യയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ മോഡലിങിന് പോകാൻ കുട്ടികൾ തടസം നിന്നതും ഭർത്താവ് സ്ഥിരം മദ്യപാനിയായതും കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് യുവതി മൊഴിനൽകിയത്.