അടൂർ: പത്തനംതിട്ട ജില്ലയിൽ നാലിടത്ത് (പഴകുളം, പന്തളം, കൊടുമൺ, കൊച്ചുകൽ) കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. പഴകുളത്ത് മദ്രസ വിദ്യാർഥിനികളെയാണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണു പരാതി. പഴകുളം ജുമാ മസ്ജിത്തിലെ മദ്രസ പഠനം കഴിഞ്ഞു സമീപത്തുള്ള കനാൽ റോഡിൽ കൂടി നടന്നു പോവുകയായിരുന്ന പെൺകുട്ടികളെയാണു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഈ മാസം 26ന് വൈകുന്നേരമാണ് അടൂർ പഴകുളത്ത് ഒമ്പത് വയസുള്ള രണ്ട് പെൺകുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമം നടന്നത്. കനാൽ റോഡിൽ കാടുമൂടിയ വിജനമായ ഭാഗത്ത് വച്ചാണ് കാറിൽ എത്തിയ രണ്ടു പേർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇവർ റോഡരികിൽ കൂടി നടന്നു പോകുമ്പോൾ ഒരു കാർ പെട്ടെന്നു വന്നു നിർത്തുകയും ബന്ധുക്കളാണു വീട്ടിൽ കൊണ്ടുവിടാം എന്നു പറഞ്ഞ് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം മറ്റൊരു വീട്ടമ്മ കണ്ടതിനാൽ കുട്ടികൾ രക്ഷപ്പെട്ടു. വെള്ള നിറത്തിലുള്ള കാറിൽ എത്തിയ ഒരു സ്ത്രീയും മുടി നീട്ടി വളർത്തിയ പുരുഷനുമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് കുട്ടികളുടെ മൊഴി. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് രാമേശ്വരം സ്വദേശിയായ മുത്തുസ്വാമി എന്നയാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. അതുപോലെ ഒറ്റത്തേക്ക് കൊച്ചുകൽ ജംഗ്ഷനിൽ നിന്നും അഞ്ചാം ക്ലാസുകാരനെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. സ്കൂളിൽ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് കാറിൽ എത്തിയ സ്ത്രീയും പുരുഷനും കുട്ടിയെ സമീപിച്ചത്. എന്നാൽ കുട്ടി വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ കാറോടിച്ചു പോയി.