കോഴിക്കോട്: നരക്കോട് കുളങ്ങരത്ത് തെരുവുനായ കുറുകെ ചാടിതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് പതിനാറുകാരൻ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാൻ കൊടുത്തതിന് പിതാവിനെതിരേ കേസ്. വാഹനമോടിച്ച അജൽ പ്രവീണിൻറെ പിതാവ് പ്രവീൺകുമാറിനെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിത 281, 106 (1), 125ബി, മോട്ടോർ വാഹന നിയമം 199എ (1), 199 എ (2), 5, 180, 4, 181 വകുപ്പുകൾ പ്രകാരമാണ് കേസ്. ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ സ്കൂൾ മതിലിലിടിച്ച് മറിഞ്ഞ് അജൽ മരണപ്പെട്ടിരുന്നു.
അതേസമയം പ്രവീൺ കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടുകയായിരുന്നു. ഇതേത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ മറ്റു രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.