റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഹൂതികൾ. തങ്ങളുടെ സായുധസേന മന്ത്രാലയത്തെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെന്നും അവ ലക്ഷ്യസ്ഥാനത്ത് പതിച്ചെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. ഹൂതികളുടെ രണ്ട് മിസൈലുകൾ വിജയകരമായി തടഞ്ഞതായി സൗദി അറിയിച്ചതിന് പിന്നാലെയാണ് ഈ അവകാശവാദം.
പ്രതിരോധ മന്ത്രാലയത്തിന് പുറമെ സൗദിയിലെ മറ്റ് പ്രധാന കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി ഹൂതികൾ പറയുന്നു. നജ്‌റാൻ വിമാനത്താവളത്തിലും ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് എയർബേസിലുമുണ്ടായിരുന്ന രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും ഹൂതി വക്താവ് അവകാശപ്പെട്ടു.
ബാബ് അൽ മന്ദേബ് കടലിടുക്കിന്റെ തെക്കൻ മേഖലയിൽ സൗദി അനുകൂല സേനയുടെ മുന്നേറ്റം തടഞ്ഞതായും നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും ഹൂതികൾ അവകാശപ്പെട്ടു. ചൊവ്വാഴ്ച റിയാദിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്കു നേരെയും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന റാസ് തനൂറയിൽ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായെന്നും ഹൂതികൾ പറഞ്ഞു. എന്നാൽ, ശുദ്ധീകരണശാലയിലെ തീപിടിത്തമോ ആക്രമണത്തിന്റെ ആഘാതമോ സൗദി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
ഹൂതികളുടെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണങ്ങളുടെ വ്യാപ്തിയും നാശനഷ്ടങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.