കൊച്ചി: അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് 55കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിലെ വീഴ്ചകളെ തുടർന്ന് നാല് പൊലീസുകാർക്ക് സസ്പെൻഷൻ. ചേരാനല്ലൂർ സ്റ്റേഷനിലെ സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ മനോജ്, സിവിൽ പൊലീസ് ഓഫീസർ അരുൺജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയുടെ കർശന ഇടപെടലിന് പിന്നാലെയാണ് നടപടി.
അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നീതി തേടി പ്രതിഷേധം ശക്തമാക്കിയതോടെയാണ് പൊലീസിനെതിരായ നടപടി. കൃത്യമായ വകുപ്പുകൾ ചുമത്താതെ എഫ്ഐആർ തയ്യാറാക്കിയെന്നും കാറോടിച്ചിരുന്ന 17കാരന്റെ ചിത്രം പകർത്തിയ ബന്ധുക്കളെ തടഞ്ഞ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ഉൾപ്പെടെയുള്ള വീഴ്ചകളാണ് പൊലീസിനെതിരെ ഉയർന്നത്. പൊലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു.
പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് ദിവസവും കുടുംബം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം സ്ഥലത്തെത്തിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി. ജില്ലാ ജഡ്ജിയുടെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനിലെത്തിയതടക്കമുള്ള കാര്യങ്ങളാണ് പോർട്ട്‌ഫോളിയോ ജഡ്ജിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതെന്നാണ് വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജഡ്ജിക്കെതിരായ തുടർനടപടികൾ.
കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ പൊലീസ് ആലുവയിലെ വീട്ടിലെത്തി ജഡ്ജിയുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നു. മകൻ കാർ എടുത്തത് അറിഞ്ഞിരുന്നില്ലെന്നും യൂട്യൂബ് ചാനലുകൾ നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നുമാണ് ജഡ്ജി പറഞ്ഞതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകിയേ എഴുന്നേൽക്കൂവെന്ന് കുടുംബ വാട്‌സാപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശവും പൊലീസിനെ കാണിച്ചതായാണ് വിവരം. അന്വേഷണത്തോട് സഹകരിച്ചെങ്കിലും ഔദ്യോഗികമായി മൊഴി രേഖപ്പെടുത്താൻ ജഡ്ജി വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ, 17കാരൻ തന്റെ ഇൻസ്റ്റഗ്രാം പേജ് നീക്കം ചെയ്തതും അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുൻപ് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനാണോ ഇതെന്ന സംശയവും പൊലീസിനുണ്ടെന്നാണ് വിവരം.