തിരുവനന്തപുരം: മൂന്നു വയസുകാരനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ. സംഭവത്തിനു പിന്നാലെ ഡ്രൈവർ സൈനുലാബ്ദീനെ ഓഫീസിൽ വിളിച്ചു വരുത്തി. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. അതേസമയം കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്നാണ് ഡ്രൈവറുടെ മൊഴി.
കഴക്കൂട്ടത്ത് കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി അപകട യാത്ര നടത്തുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാവിലെ പുറത്തുവന്നത്. കുട്ടി കാറിൻ്റെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. സമീപത്തു കൂടി പോയ കാർ യാത്രികരായ കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യം പകർത്തിയത്. ദൃശ്യം പകർത്തുന്നത് കണ്ട് അമിത വേഗതയിൽ കാർ മുന്നോട്ടു പോവുകയായിരുന്നു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവിയോടും ആർടിഒയോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് കഴക്കൂട്ടം ആർടിഒ നടപടി എടുത്തിരിക്കുന്നത്.