തിരുവനന്തപുരം: പ്രതിപക്ഷത്തിനുനേരെ ധനാഭ്യർഥന ചർച്ചയ്ക്കിടെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ജനാധിപത്യത്തിൽ കാരണഭൂതനും കൈകൊട്ടി കളിയുമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വി.പി. സജീന്ദ്രന്റെ പ്രസംഗത്തെ പ്രതിപക്ഷം പരിഹസിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
കിഫ്ബി ഇല്ലായില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളം എന്നായിരുന്നു പ്രതിപക്ഷം ചർച്ചയിലുടനീളം ചോദിച്ചുകൊണ്ടിരുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാതെ കിഫ്ബി എന്നൊരു സാമ്രാജ്യം തീർക്കുകയായിരുന്നു എൽഡിഎഫ് സർക്കാർ. അതുപോലെ കിഫ്ബിയുടെ എല്ലാ ക്രമക്കേടുകളും അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ കടം കാരണം ഈ സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പിഎസ് സി സമരത്തിൽ വളർമതിയുടെ തലമുണ്ഡനം ചെയ്തതിൽ സങ്കടമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും സർക്കാർ അംഗീകരിച്ചുവെന്നും പറഞ്ഞു. നെടുമ്പാശേരി അപകടത്തിൽ പോലീസിന് തെറ്റുപറ്റിയിട്ടില്ല. കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടം ഉണ്ടായപ്പോൾ ഇടത് സർക്കാർ സംരക്ഷിച്ചില്ലേ എന്നും വി.ഡി. സതീശൻ ചോദിച്ചു. ഇതിനിടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.