ന്യൂഡൽഹി: രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് തനിക്ക് പൂർണമായും എതിർപ്പായിരുന്നുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ ‘ബിലോങിങ്: എ ജേണി ഓഫ് ലവ്’ (Belonging: A Journey of Love) ൽ സ്വന്തം ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് പങ്കുവെച്ചിരിക്കുന്നതെന്നും പുസ്തകം വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു.
താൻ നേരിട്ടറിഞ്ഞ സംഭവങ്ങൾ അതേപടി രേഖപ്പെടുത്താനുള്ള അവസരമാണ് പുസ്തകം നൽകിയതെന്ന് സോണിയ വ്യക്തമാക്കി. പുസ്തകം വായിക്കുന്നതോടെ ചിലരുടെ കാഴ്ചപ്പാട് തനിക്കെതിരെ മാറിയേക്കാമെന്നും ചിലർക്ക് നിലവിലുള്ള അഭിപ്രായം കൂടുതൽ മോശമാകാമെന്നും അവർ പറഞ്ഞു. പൊതുജീവിതത്തിൽ സജീവമായ ഒരാൾ പുസ്തകം എഴുതുമ്പോൾ വിവാദങ്ങളും ചർച്ചകളും സ്വാഭാവികമാണെന്നും സോണിയ കൂട്ടിച്ചേർത്തു.
ഇറ്റലിയിലെ കുട്ടിക്കാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്കുള്ള യാത്ര വരെയാണ് ആത്മകഥയിൽ പ്രതിപാദിക്കുന്നത്. നെഹ്റു-ഗാന്ധി കുടുംബത്തിലെ നിർണായക സംഭവങ്ങളും രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശവും കുടുംബത്തെ ബാധിച്ച ദുരന്തങ്ങളും പുസ്തകത്തിൽ ഇടംപിടിക്കുന്നുണ്ട്.
2004-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടെന്ന സോണിയയുടെ തീരുമാനവും പുസ്തകത്തിലെ പ്രധാന ഭാഗങ്ങളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷ. ആത്മകഥ പുറത്തിറങ്ങുന്നതോടെ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും വീണ്ടും ചർച്ചയാകാൻ സാധ്യതയുണ്ട്. നവംബർ 10നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.