റിയാദ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണം അവസാനിപ്പിച്ച് വെടിനിർത്തൽ ഉറപ്പാക്കുന്നതിനായി ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം 8,800 കോടി രൂപ) സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഇറാന്റെ മധ്യസ്ഥതയിൽ ഹൂതികളുമായി ധാരണയിലെത്താനാണ് സൗദി നീക്കം നടത്തുന്നതെന്ന് ഇസ്രയേലി പത്രമായ ഇസ്രയേൽ ഹയോമി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയുടെ അടിസ്ഥാനസൗകര്യങ്ങൾക്കു നേരെയുള്ള ഹൂതി ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിക്കുകയാണ് നിർദിഷ്ട കരാറിന്റെ പ്രധാന ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗൾഫ് മേഖലയിലെ നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യയും ഹൂതികളും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സാമ്പത്തിക സഹായ വാഗ്ദാനമെന്നാണ് റിപ്പോർട്ടിലെ വിശദീകരണം.
സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ അപ്രതീക്ഷിതമായി ഇറാൻ സന്ദർശിച്ചപ്പോഴാണ് നിർദിഷ്ട കരാർ ചർച്ചയായതെന്നാണ് റിപ്പോർട്ട്. മേഖലയിൽ നയതന്ത്ര മധ്യസ്ഥത വഹിക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചതായും പറയുന്നു. ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കുവിമാനത്തിൽ കയറ്റി പ്രതിരോധമന്ത്രി തെഹ്റാനിലെത്തിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഈ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സൗദി പ്രതിരോധമന്ത്രിയുടെ ഇറാൻ സന്ദർശനത്തെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കക്ഷികൾക്കിടയിലെ സംഘർഷം കുറയ്ക്കുക, സംഭാഷണവും നയതന്ത്രപരമായ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുക, ഖത്തറും പാക്കിസ്ഥാനും നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്ക് പിന്തുണ നൽകുക എന്നിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മക്ക സംയുക്ത പ്രതിരോധ സഖ്യത്തിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളും സന്ദർശനത്തിന്റെ ഭാഗമായി പങ്കെടുത്തതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ചകൾ നടന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സൗദിയുടെ സഖ്യകക്ഷികൾ ഉൾപ്പെട്ട പ്രതിരോധ കരാറിന്റെ ഭാഗമായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, തുർക്കി രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കലീൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തതായാണ് വിവരം.
മക്ക സംയുക്ത പ്രതിരോധ കരാർ പ്രകാരം ഒരു അംഗരാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ മറ്റ് അംഗരാജ്യങ്ങൾ സംയുക്ത സൈനിക സഹായം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, പാക്കിസ്ഥാനും തുർക്കിയും സൗദിക്ക് പൂർണതോതിലുള്ള സൈനിക പിന്തുണ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സൈനിക ഉപദേഷ്ടാക്കളുടെ സഹായത്തിൽ ഒതുങ്ങിയ ഇരു രാജ്യങ്ങളും നേരിട്ടുള്ള യുദ്ധപങ്കാളിത്തത്തിനോ അധിക സൈനികസേനയെ വിന്യസിക്കാനോ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഇറാനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) ഉദ്യോഗസ്ഥർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കു നേരെയുള്ള ഇറാന്റെ ആക്രമണങ്ങളും ഭീഷണികളും പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഹൂതി ആക്രമണങ്ങളെ തുടർന്ന് റിയാദ് വിമാനത്താവളം ദിവസങ്ങളോളം അടച്ചിടേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമേ, സൗദിയുടെ പ്രധാന നിക്ഷേപ സമ്മേളനവും മാറ്റിവയ്ക്കേണ്ടിവന്നു. മേഖലയിൽ തുടരുന്ന സംഘർഷം രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെയും നിക്ഷേപ അന്തരീക്ഷത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണ് ഹൂതികളുമായി ധാരണയിലെത്താനുള്ള നീക്കം ശക്തമാകുന്നതെന്നാണ് വിലയിരുത്തൽ.
ഒരു ബില്യൺ ഡോളർ എന്തിന്?
മൂന്ന് വർഷം മുമ്പ് ഉണ്ടാക്കിയ കരാറുകൾ നടപ്പാക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് ഹൂതികളുമായുള്ള ഇപ്പോഴത്തെ സംഘർഷത്തിന് ഒരു കാരണമെന്ന് സൗദി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രയേൽ ഹയോം റിപ്പോർട്ട് ചെയ്തു. നിർദിഷ്ട കരാർ പ്രകാരം ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സാധാരണക്കാരുടെ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനുമായി സൗദി അറേബ്യ നേരിട്ട് സാമ്പത്തിക സഹായം നൽകാനാണ് ധാരണയെന്നാണ് റിപ്പോർട്ട്. ഇതിലൂടെ സമാധാന കരാർ നടപ്പാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പകരമായി വെടിനിർത്തൽ പാലിക്കാനും സൗദി അറേബ്യയ്ക്കു നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഹൂതികൾ സമ്മതിക്കണമെന്നാണ് വ്യവസ്ഥയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സൗദി നേരത്തെയുണ്ടാക്കിയ ധാരണകളിൽനിന്ന് പിന്മാറിയെന്നാണ് ഹൂതികൾ ആക്രമണങ്ങളെ ന്യായീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇറാൻ ഹൂതികൾക്ക് പിന്തുണ നൽകുന്നതായും ആരോപണമുണ്ട്.
സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ സാമ്പത്തിക സഹായം ഉൾപ്പെടുന്ന ധാരണയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ടെങ്കിലും, ഒരു ബില്യൺ ഡോളറിന്റെ വാഗ്ദാനത്തെക്കുറിച്ചോ പണം കൈമാറിയതിനെക്കുറിച്ചോ സൗദി അറേബ്യയുടെയോ ഇറാന്റെയോ ഔദ്യോഗിക സ്ഥിരീകരണം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.