വിശാഖപട്ടണം: അർണബ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ആന്ധ്രപ്രദേശിലും ഒഡീഷയിലും മഴയും കാറ്റും ശക്തമായി. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള മേഖലകളിൽനിന്ന് ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 72 ട്രെയിനുകൾ റദ്ദാക്കിയ ഇന്ത്യൻ റെയിൽവേ, നാല് വിമാന സർവീസുകളും റദ്ദാക്കി. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കുമുൻപ് കരതൊടുമെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വിശാഖപട്ടണത്ത് കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായി. ബംഗാൾ ഉൾക്കടലും പ്രക്ഷുബ്ധമായി. 14 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലും മഴ ശക്തമാണ്. ആന്ധ്രയിലെ യാനത്തിനും കാക്കിനാടയ്ക്കും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കരതൊടുന്ന സമയത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 150 കിലോമീറ്റർ വരെയാകാമെന്നാണ് പ്രവചനം.
അതിശക്തമായ ചുഴലിക്കാറ്റായി മാറിയ അർണബ് വ്യാപക നാശനഷ്ടങ്ങൾ വരുത്തുമെന്ന ആശങ്കയിലാണ് അധികൃതർ. കാക്കിനാടയിൽ മാത്രം 89,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഒഡീഷയിൽ 48,000 പേരെയും ഒഴിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രെയിനുകൾക്കും വിമാനങ്ങൾക്കും പുറമേ കൂടുതൽ ഗതാഗത സർവീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചേക്കും. കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കേണ്ടിവരുമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും 31 വരെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.