BREAKING NEWS

രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

· · 1 min read
Share: Copied!

സുൽത്താൻപുർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് നടത്തിയ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട് 2018ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റ വിമുക്തൻ. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിലെ സുൽത്താൻപുരിലുള്ള പ്രത്യേക എംപി–എംഎൽഎ കോടതിയാണ് രാഹുലിനെ കുറ്റവിമുക്തനാക്കിയത്. തിങ്കളാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ വിധി പ്രസ്താവിക്കുന്ന സമയത്ത് രാഹുൽ കോടതിയിൽ ഹാജരായി.

രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ആർ.എസ് ചീമയ്ക്കൊപ്പം അഭിഭാഷകരായ കാശി ശുക്ല, തരംനം ചീമ, പ്രസന്ന എസ്, ആകാശ് സിംഗ് എന്നിവരാണ് രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായത്. വിധി പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ അനുയായികൾ സന്തോഷം പ്രകടിപ്പിച്ചു.

കോടതിവിധിയെ കോൺഗ്രസ് സ്വാഗതം ചെയ്തു. സത്യം മാത്രമാണ് വിജയിക്കുന്നതെന്നായിരുന്നു പാർട്ടിയുടെ പ്രതികരണം. അതേസമയം സുൽത്താൻപുരിലെ കോട്‌വാലി ദേഹാത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനുമാൻഗഞ്ച് സ്വദേശിയും സുൽത്താൻപുർ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ചെയർമാനുമായ ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2018 ഓഗസ്റ്റ് നാലിനായിരുന്നു പരാതി നൽകിയത്.

2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. പരാമർശങ്ങൾ അമിത് ഷായുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.

കേസിൽ അന്തിമവാദം നടന്നപ്പോൾ രാഹുൽ ഗാന്ധി പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ സമ്മതിച്ചു. എന്നാൽ, ആരെയും അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല പരാമർശങ്ങൾ നടത്തിയതെന്നും നല്ല ഉദ്ദേശ്യത്തോടെയുള്ള രാഷ്ട്രീയ വിമർശനമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ വളച്ചൊടിച്ചെന്നും സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി അവതരിപ്പിച്ചെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ, പരാമർശങ്ങൾ നടത്തിയതായി രാഹുൽ ഗാന്ധി സമ്മതിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തെ കുറ്റക്കാരനായി പ്രഖ്യാപിക്കണമെന്നായിരുന്നു പരാതിക്കാരന്റെ അഭിഭാഷകന്റെ വാദം. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷം കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. പ്രത്യേക മജിസ്‌ട്രേറ്റ് ശുഭം വർമ്മയാണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. തെളിവുകളുടെ അഭാവത്തിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതോടെ എട്ടു വർഷത്തോളമായി തുടരുന്ന കേസിൽ കോൺഗ്രസ് നേതാവിന് ആശ്വാസമായി.

2018ൽ പരാതി നൽകിയതിനു പിന്നാലെ വിവിധ ഘട്ടങ്ങളിലൂടെയാണ് കേസ് മുന്നോട്ടുപോയത്. 2024 ഫെബ്രുവരി 20ന് രാഹുൽ ഗാന്ധി കോടതിയിൽ കീഴടങ്ങുകയും തുടർന്ന് ജാമ്യം ലഭിക്കുകയും ചെയ്തു. 2024 ജൂലൈ 26ന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരനെയും കേസിലെ മറ്റു സാക്ഷികളെയും കോടതി പിന്നീട് വിസ്തരിച്ചു.

രാഹുൽ ഗാന്ധിയുടെ ശബ്ദസാമ്പിൾ പരിശോധിച്ച് താരതമ്യം ചെയ്യണമെന്നാവശ്യപ്പെട്ട് 2026 മാർച്ചിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, മേയിൽ വിചാരണക്കോടതി അപേക്ഷ തള്ളി. ഇതിനെതിരെ ജില്ലാ കോടതിയിൽ നൽകിയ തുടർ ഹർജിയും ജൂലൈയിൽ തള്ളപ്പെട്ടു. തുടർന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സെപ്റ്റംബറിൽ അവിടെയും തിരിച്ചടി നേരിട്ടു.

കേസിലെ അന്തിമവാദം 2026 ഒക്ടോബർ ആറിന് ആരംഭിച്ച് ഒക്ടോബർ 12ന് പൂർത്തിയായി. തുടർന്ന് ഒക്ടോബർ 26ന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. നേരത്തെ ഒക്ടോബർ 13നായിരുന്നു വിധി പറയാൻ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റി നിശ്ചയിച്ചു. ഒടുവിൽ തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി.

അതേസമയം, കോടതി നടപടികൾക്കായി ലഖ്‌നൗവിൽനിന്ന് സുൽത്താൻപുരിലേക്ക് യാത്ര ചെയ്യുന്നതിനിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. തിങ്കളാഴ്ച രാവിലെ 10.15ഓടെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിലെ 89.5 കിലോമീറ്റർ പോയിന്റിന് സമീപമായിരുന്നു അപകടം. ഹലിയാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.

പ്രാദേശിക കോൺഗ്രസ് നേതാക്കളുടേതായ സ്വകാര്യ വാഹനം വാഹനവ്യൂഹത്തിന്റെ മുൻനിരയിൽ സഞ്ചരിക്കവെ അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം. എന്തുകൊണ്ടാണ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. ഇതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.

എന്നാൽ, അപകടത്തിൽ രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന കാർ ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹം സുരക്ഷിതനായിരുന്നു. അപകടത്തിനുശേഷം വാഹനവ്യൂഹം യാത്ര പുനരാരംഭിച്ച് സുൽത്താൻപുരിലേക്ക് നീങ്ങി. കോടതി നടപടികൾക്കായി യാത്ര ചെയ്ത രാഹുൽ ഗാന്ധിക്ക് സുരക്ഷയൊരുക്കാൻ പോലീസ് ഉദ്യോഗസ്ഥരും വാഹനവ്യൂഹത്തോടൊപ്പമുണ്ടായിരുന്നു.

ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ

 

BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026