കോഴിക്കോട്: കൂടരഞ്ഞി–കക്കാടംപൊയിൽ റൂട്ടിൽ ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
കക്കാടംപൊയിലിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഓപ്പൺ ജീപ്പിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്.
പീടികപ്പാറ പള്ളിക്ക് സമീപത്തുവെച്ചാണ് ജീപ്പ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഇറക്കവും കൊടുംവളവുമുള്ള പ്രദേശമാണിത്. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.