ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ 25-കാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഉന്നാവോയിലെ സഫിപുർ സ്വദേശിനിയായ ആസിയ (ടിന) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30-ഓടെ ദുബഗ്ഗയിലെ കിസാൻ പഥ് അണ്ടർപാസിന് സമീപം മൃതദേഹം കണ്ട വഴിയാത്രക്കാരൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സർവീസ് ലൈനിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും പോലീസ് അറിയിച്ചു.
മൃതശരീരത്തിന് സമീപത്തുനിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ആധാർ, പാൻ കാർഡുകൾ പരിശോധിച്ചാണ് മരിച്ചത് ആസിയയാണെന്ന് തിരിച്ചറിഞ്ഞത്. പരിശോധനയ്ക്കിടെ നാല് യുവാക്കളുടെ പേരുകളും നാലക്ക നമ്പറും രേഖപ്പെടുത്തിയ കടലാസ് കഷണവും പോലീസിന് ലഭിച്ചു. ഈ കുറിപ്പിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്നും നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
ഒക്ടോബർ 24-ന് നവാബ്ഗഞ്ചിലെ സഹോദരിയുടെ വീട്ടിൽനിന്ന് സഫിപുരിലേക്ക് പോയ ആസിയ പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സമയം വൈകിയിട്ടും യുവതി എത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്.
ആസിയയുടെ സഹോദരി നസ്രീൻ ബാനോ നൽകിയ പരാതിയിൽ ദുബഗ്ഗ പോലീസ് കേസെടുത്തു. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ആറ് മണിക്കൂറിലധികം പഴക്കമുണ്ടായിരുന്നുവെന്ന് എസിപി ഷക്കീൽ അഹമ്മദ് അറിയിച്ചു. യുവതിയുടെ ഫോൺകോളുകളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.