ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഖാർഗെയുടെ പ്രസ്താവന രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.
പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ലെന്ന് അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രിയുടെ മാതാവിനെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചതും മോദിയെ ‘മരണത്തിന്റെ വ്യാപാരി’ എന്ന് വിശേഷിപ്പിച്ചതും ‘ചായക്കടക്കാരൻ’ എന്ന് വിളിച്ച് അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെ പരിഹസിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദിനംപ്രതി മാന്യതയുടെ അതിരുകൾ ലംഘിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
കഴിഞ്ഞ 12 വർഷമായി തുടർച്ചയായി നേരിടുന്ന തിരഞ്ഞെടുപ്പ് പരാജയങ്ങൾ കോൺഗ്രസിനെ നിരാശയിലാക്കിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. വ്യക്തമായ നിലപാടുകളോ വിഷയങ്ങളോ മുന്നോട്ടുവയ്ക്കാനില്ലാത്തതിനാൽ അധിക്ഷേപ രാഷ്ട്രീയമാണ് പാർട്ടി ആശ്രയിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ജനങ്ങൾക്കിടയിലെ സ്വാധീനം നഷ്ടപ്പെട്ട കോൺഗ്രസിന് സ്വന്തം പ്രവർത്തകർക്കിടയിലും വിശ്വാസ്യത കുറഞ്ഞുവരികയാണെന്നും അമിത് ഷാ അവകാശപ്പെട്ടു.
പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരെ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോഴെല്ലാം രാജ്യത്തെ ജനങ്ങൾ കോൺഗ്രസിന് ശക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും ജനങ്ങൾ തക്കതായ തിരിച്ചടി നൽകുമെന്നും അമിത് ഷാ കുറിപ്പിൽ വ്യക്തമാക്കി.
ബിഹാറിൽ ഡോ. കൃഷ്ണ സിങ്ങിന്റെ 139-ാമത് ജന്മദിനാഘോഷച്ചടങ്ങിൽ സംസാരിക്കവെയാണ് മോദിക്കെതിരെ ഖാർഗെ വിവാദ പരാമർശം നടത്തിയത്. ഖാർഗെ പ്രസംഗിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ മോദിയെ അനുകൂലിച്ച് സംസാരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മോദി എവിടെയും പോകില്ലെന്നായിരുന്നു ഇയാളുടെ പ്രതികരണം. ഇതിന് മറുപടിയായി മോദിയുടെ അച്ഛനുപോലും പോകേണ്ടിവരുമെന്ന തരത്തിലുള്ള പരാമർശമാണ് ഖാർഗെ നടത്തിയത്. പിന്നാലെ മോദിയെ അനുകൂലിച്ച് സംസാരിച്ചയാളെ വേദിയിൽനിന്ന് നീക്കംചെയ്യുകയും ചെയ്തു.