തിരുവനന്തപുരം: വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശ് സ്വദേശിയും യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അമൃത് സിങ് ഡാരനെതിരെ പോലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേരളത്തിലെ പ്രദേശങ്ങളെക്കുറിച്ച് വ്യാജപ്രചാരണം നടത്തി സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താനുള്ള ഉപാധിയാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അമൃത് സിങ് ഡാരൻ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദിയ കൃഷ്ണ ‘സങ്കടകരമായ യാഥാർഥ്യം’ (Sad reality) എന്ന കമന്റ് രേഖപ്പെടുത്തിയതും വിവാദമായിരുന്നു. ഫോർട്ട് കൊച്ചിയിലെ മുസ്ലിം ജനവിഭാഗത്തെയും വർക്കലയിലെ ഒരു കഫേയെയും ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾ വീഡിയോയിലുണ്ടായിരുന്നുവെന്നാണ് ആരോപണം. ദിയയുടെ കമന്റിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചയും വിമർശനവും ഉയർന്നു.
പാകിസ്താൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ചിത്രം കേരളത്തിലെ ഒരു കഫേയിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് താൻ കമന്റിട്ടതെന്ന് പിന്നീട് ദിയ കൃഷ്ണ വിശദീകരിച്ചു. ഒരു മതത്തെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വീഡിയോ മുഴുവനായി കാണാതെ കമന്റിട്ടത് തെറ്റായിപ്പോയെന്നും അവർ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഇതിനിടെ, കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ എക്സിൽ കുറിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു വ്ലോഗർ ഫോർട്ട് കൊച്ചിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് കേരളത്തെ മോശമായി ചിത്രീകരിക്കാനും സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.