പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) സർക്കിൾ ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐജിയാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സിഐ യുവതിക്ക് വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ചെന്നാണ് പരാതി. യുവതി ഗർഭിണിയായതോടെ വിവാഹത്തിൽനിന്ന് പിന്മാറിയെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം, വിനോദ് കൃഷ്ണയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് പരാതിക്കാരിയായ യുവതി ആവശ്യപ്പെട്ടതായും വിവരമുണ്ട്. സംഭവത്തിൽ അച്ചടക്കനടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.