തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് വനംവകുപ്പിന്റെ നടപടി. പുതിയ ഉത്തരവുപ്രകാരം പാമ്പുകടി, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളിൽ മരണം സംഭവിച്ചാൽ ആശ്രിതർക്ക് നൽകുന്ന ധനസഹായം 14 ലക്ഷത്തിൽനിന്ന് 17.5 ലക്ഷം രൂപയായി ഉയർത്തി. പാമ്പുകടി, തേനീച്ചക്കുത്ത്, കടന്നൽക്കുത്ത് എന്നിവ മൂലമുള്ള മരണങ്ങളിൽ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം നാലുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കിയും വർധിപ്പിച്ചു. വന്യജീവി ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്കുള്ള സാമ്പത്തിക സഹായവും സർക്കാർ ഉയർത്തിയിട്ടുണ്ട്.
വന്യജീവി ആക്രമണത്തിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തുകയും പുതുക്കി. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ നൽകിയിരുന്നത് 2.5 ലക്ഷം രൂപയാക്കി. 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായം 2.5 ലക്ഷത്തിൽനിന്ന് 3,12,500 രൂപയായും ഉയർത്തി. നിസ്സാര പരിക്കുകൾക്ക് 12,500 രൂപ വരെ ധനസഹായം ലഭിക്കും. അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് (സിഎംഡിആർഎഫ്) ഒരുലക്ഷം രൂപ വരെ അനുവദിക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.