കൊച്ചി: ലൈസൻസില്ലാതെ കാറോടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) മരണത്തിനിടയാക്കിയ 17-കാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. നേരത്തെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 281, 106(1) വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. കൗമാരക്കാരന് ജാമ്യം ലഭിച്ചതിന് പിന്നാലെ ആഭ്യന്തര മന്ത്രി ഡിജിപിയെയും സിറ്റി പോലീസ് കമ്മിഷണറെയും വിളിച്ച് അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതിനു പിന്നാലെയാണ് നരഹത്യാക്കുറ്റം കൂടി ചുമത്തിയത്. അതേസമയം, പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പോലീസ് സ്റ്റേഷനു മുന്നിൽ വലിയ പ്രതിഷേധവും നടക്കുന്നുണ്ട്.
പൊതുനിരത്തിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതിന് ബിഎൻഎസ് 281-ാം വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശ്യമില്ലാതെ അശ്രദ്ധമൂലം ഒരാളുടെ മരണത്തിന് കാരണമായാൽ 106(1) വകുപ്പ് ബാധകമാകും. പുതിയതായി നരഹത്യാക്കുറ്റം കൂടി ചുമത്തിയതോടെ കേസിൽ കൂടുതൽ നടപടികൾക്ക് വഴിയൊരുങ്ങിയിട്ടുണ്ട്. പ്രതി ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനാണ്.
ഇന്ന് പുലർച്ചെ 2.20നായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ വാഹനത്തിന് പിന്നിൽ 17-കാരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജയബാലകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ അദ്ദേഹം മരിക്കുകയായിരുന്നു.
ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് വീട്ടുകാരറിയാതെ കാർ എടുത്തതെന്ന് കൗമാരക്കാരൻ പോലീസിന് മൊഴി നൽകിയതായാണ് വിവരം. ചേരാനല്ലൂരിൽ കാർ തിരിച്ച് ആലുവയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. മഴയുണ്ടായിരുന്നതിനാൽ സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് മൊഴി. വീട്ടിൽനിന്ന് കാർ എടുത്ത് പോകുമ്പോൾ കുടുംബാംഗങ്ങൾ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നുവെന്നും താഴെ പാർക്ക് ചെയ്തിരുന്ന കാർ എടുക്കുന്നത് അവർ കണ്ടില്ലെന്നും 17-കാരൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. വെറുതേ കറങ്ങാൻ ഇറങ്ങിയതാണെന്നും ഇയാൾ പോലീസിനോട് മൊഴി നൽകിയതായാണ് വിവരം.
പ്രതിക്ക് ജാമ്യം ലഭിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധം സംഭവത്തിൽ പൊതുജനങ്ങൾക്കിടയിലുള്ള രോഷം വ്യക്തമാക്കുന്നതാണ്. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കേസിൽ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉയർന്നത്.