റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണശ്രമം തകർത്തതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു. ഹൂതികൾ വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായാണ് സഖ്യസേനയുടെ വിശദീകരണം.
സൗദിയുടെ തെക്കൻ മേഖലയിലേക്ക് തൊടുത്തുവിട്ട 10 ബാലിസ്റ്റിക് മിസൈലുകളും തകർത്തതായി സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക്കി എക്സിലൂടെ സ്ഥിരീകരിച്ചു. ഖമീസ് മുശൈത്ത് നഗരത്തെ ലക്ഷ്യമിട്ട് അയച്ച ക്രൂയിസ് മിസൈലും പ്രതിരോധ സംവിധാനങ്ങൾ തകർത്തു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആക്രമണശ്രമത്തെ തുടർന്ന് ജിസാൻ പ്രവിശ്യയിൽ അപകടമുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് സാഹചര്യം വിലയിരുത്തിയശേഷം മുന്നറിയിപ്പ് പിൻവലിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. അപകടസാധ്യത ഒഴിഞ്ഞെങ്കിലും പൊതുജനങ്ങൾ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ആക്രമണം നടന്ന സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശമുണ്ട്.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെയോ അവ തടയുന്നതിന്റെയോ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിവിൽ ഡിഫൻസ് എക്സിലൂടെ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ 998 എന്ന നമ്പറിൽ ബന്ധപ്പെടാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു. യെമനിൽനിന്നുള്ള ഹൂതി ആക്രമണശ്രമങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയുടെ അതിർത്തി മേഖലകളിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.