തെലങ്കാന: കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഒളിക്യാമറയിൽ കുടുക്കാൻ ശ്രമം നടന്നെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണം വിവാദത്തിൽ. വ്യവസായ സംരംഭത്തെക്കുറിച്ച് ചർച്ച ചെയ്യാനെന്ന പേരിൽ എത്തിയവർ തന്നെ കുടുക്കാൻ ശ്രമിച്ചെന്നാണ് ശിവകുമാറിന്റെ വെളിപ്പെടുത്തൽ. കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും തന്നെയും കാണാനെത്തിയവർ മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ടപ്പോൾ ഇവർ ഗ്ലാസ് ധരിച്ചിരുന്നില്ല. മഹാരാഷ്ട്രയിൽനിന്നുള്ള കേന്ദ്രമന്ത്രിയെ കണ്ടപ്പോഴും ഗ്ലാസ് ഉപയോഗിച്ചില്ല. വ്യവസായവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെത്തിയവർ രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചതെന്നും ഇതിൽ സംശയം തോന്നിയതിനെത്തുടർന്നാണ് അന്വേഷണം നടത്തിയതെന്നും ശിവകുമാർ പറഞ്ഞു.
ഏഷ്യാനെറ്റ് സുവർണ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കർണാടക മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. സംഭവത്തിന് പിന്നിൽ ആരാണെന്നും ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിട്ടുണ്ടോയെന്നും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.