കൊച്ചി: ദേഹത്ത് കയറിയ ദുർഭൂതങ്ങളെ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 73-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിചാരണക്കോടതി വിധിച്ച 10 വർഷത്തെ കഠിനതടവ് ശരിവെച്ച് ഹൈക്കോടതി. 61-കാരനായ പ്രതി നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സംഭവം നടന്ന തീയതിയിലെ വൈരുദ്ധ്യം, പരാതി നൽകുന്നതിലെ 19 ദിവസത്തെ കാലതാമസം, ശരീരത്തിൽ ബാഹ്യമായ പരിക്കുകളില്ലാത്തത് തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചെങ്കിലും ശിക്ഷയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതിയുടെ കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുക്കുമ്പോൾ വിചാരണക്കോടതി വിധിച്ച ശിക്ഷയിൽ ഇടപെടേണ്ടതില്ലെന്ന് ഒക്ടോബർ 12-ലെ ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ മൊഴിയും സംഭവദിവസം പ്രതിയും വയോധികയും തമ്മിൽ നടത്തിയ ഫോൺവിളികളുടെ രേഖകളും കേസിൽ നിർണായകമായി.
ബലാത്സംഗത്തിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലൈംഗികാതിക്രമത്തിന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച തൃശ്ശൂർ സ്പെഷ്യൽ കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു പ്രതിയുടെ അപ്പീൽ. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവ്.
ആത്മീയ ഉപദേഷ്ടാവാണെന്ന് അവകാശപ്പെട്ട പ്രതി, വയോധികയുടെ ശരീരത്തിൽ ബിംബങ്ങളും ദുർഭൂതങ്ങളും ഉണ്ടെന്നും അവ ഒഴിപ്പിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചശേഷം പീഡിപ്പിച്ചെന്നാണ് കേസ്. വിദേശത്തായിരുന്ന മകന്റെ നിർദേശപ്രകാരമാണ് വയോധിക പ്രതിയെ ഫോണിൽ ബന്ധപ്പെട്ടത്.
സംഭവം നടന്നത് 2022 ഒക്ടോബർ ഏഴിനാണെന്ന് ആദ്യം പറഞ്ഞശേഷം എട്ടാം തീയതിയെന്ന് തിരുത്തിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങളിലൊന്ന്. എന്നാൽ, ഒക്ടോബർ എട്ടിന് ഇരയും പ്രതിയും തമ്മിൽ മൂന്ന് ഫോൺവിളികൾ നടന്നതായി കോൾ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തീയതി സംബന്ധിച്ച വൈരുദ്ധ്യത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിലും അതിന്റെ പേരിൽ മാത്രം അതിജീവിതയുടെ മൊഴി തള്ളാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പോലീസിൽ പരാതി നൽകാൻ 19 ദിവസം വൈകിയതും പ്രതിഭാഗം ചോദ്യം ചെയ്തു. മകനുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന അതിജീവിതയുടെ വിശദീകരണം കോടതി അംഗീകരിച്ചു.
സംഭവം നടന്ന് ഏകദേശം 20 ദിവസത്തിനുശേഷം, 2022 ഒക്ടോബർ 28-നാണ് ഡോക്ടർ വയോധികയെ പരിശോധിച്ചത്. പരിശോധനയിൽ ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇത്രയും ദിവസത്തെ ഇടവേളയ്ക്കുശേഷം പരിശോധന നടത്തിയതിനാൽ പരിക്കുകളുണ്ടായിരുന്നെങ്കിൽ അവ ഉണങ്ങിയിട്ടുണ്ടാകാമെന്ന ഡോക്ടറുടെ വിശദീകരണം കോടതി പരിഗണിച്ചു. ബാഹ്യമായ പരിക്കുകളില്ലെന്നത് പീഡനം നടന്നിട്ടില്ലെന്നതിന് തെളിവല്ലെന്നും നിരീക്ഷിച്ചു.
സ്വത്തുതർക്കത്തെത്തുടർന്ന് പ്രതിയും കുടുംബവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ, ഇത് ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് തെളിയിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. കുടുംബാംഗങ്ങളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും പരിശോധിച്ച കോടതി, അവയൊന്നും അതിജീവിതയുടെ മൊഴിയുടെ വിശ്വാസ്യത തകർക്കുന്നില്ലെന്ന് വ്യക്തമാക്കി.
ഫോൺ രേഖകൾ ആവശ്യമായ സർട്ടിഫിക്കറ്റോടെയാണ് ഹാജരാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കെതിരായ തെളിവുകൾ പരിഗണിച്ചശേഷം വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവെക്കുകയായിരുന്നു ഹൈക്കോടതി.