തിരുവനന്തപുരം: ഡൽഹിയിലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ നീക്കംചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, യുവ ഫോട്ടോഗ്രാഫറും പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകനുമായ റെയ്ഹാൻ വദ്രയുടെ ഫോട്ടോപ്രദർശനം കേരളത്തിൽ സംഘടിപ്പിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റെയ്ഹാന്റെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനം പൂർണരൂപത്തിൽ കേരളത്തിൽ നടത്തുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിലെ ബിക്കാനർ ഹൗസിൽ നടന്ന തന്റെ സോളോ പ്രദർശനത്തിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ അധികൃതർ നീക്കംചെയ്തതായി റെയ്ഹാൻ വദ്ര നേരത്തേ വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിനു മുമ്പ് ചിത്രങ്ങൾ നീക്കംചെയ്തില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു.
പ്രദർശനത്തിൽനിന്ന് ചിത്രങ്ങൾ ഒഴിവാക്കാതെ കേരളത്തിൽ പരിപാടി സംഘടിപ്പിക്കാമെന്നാണ് വി.ഡി. സതീശന്റെ വാഗ്ദാനം. റെയ്ഹാൻ വദ്രയെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. മറ്റൊരാളുടെ അഭിപ്രായത്തെ അധികാരികൾ ഭയപ്പെടാൻ തുടങ്ങിയാൽ, സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം അവർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് തിരിച്ചറിയണമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. യുവതലമുറയുടെ ശബ്ദം അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
‘ഇന്ന് എന്റെ മകനാണെങ്കിൽ, നാളെ മറ്റൊരു കലാകാരനായിരിക്കും. എന്നാൽ നീ സത്യത്തിനൊപ്പം ഉറച്ചുനിൽക്കുക. മനോഹരമായതെല്ലാം നിന്നെ തേടിയെത്തും. നിന്നെയോർത്ത് ഞാൻ എന്നും അഭിമാനിക്കുന്നു’ എന്നായിരുന്നു മകനെ പിന്തുണച്ച് പ്രിയങ്ക എക്സിൽ കുറിച്ചത്.
അതേസമയം, പ്രിയങ്കയുടെ പ്രതികരണത്തെ പരിഹസിച്ചും ആരോപണങ്ങൾ തള്ളിയും ബിജെപി രംഗത്തെത്തി. മകനെ രാഷ്ട്രീയത്തിലിറക്കാൻ പ്രിയങ്ക മറ്റു വഴികൾ തേടുകയാണെന്നായിരുന്നു ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ പരിഹാസം. അധികൃതർക്കെതിരേ പ്രിയങ്ക ഉന്നയിച്ച ആരോപണങ്ങൾ വ്യാജവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ രാഷ്ട്രീയത്തിൽ അവതരിപ്പിക്കുന്നതിൽ സോണിയ ഗാന്ധി പരാജയപ്പെട്ടതിനു പിന്നാലെ, പ്രിയങ്കയുടെ ദൗത്യം മകൻ റെയ്ഹാൻ വദ്രയെ രാഷ്ട്രീയത്തിൽ അവതരിപ്പിക്കലാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചു. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളെ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കെതിരെയും ഭാട്ടിയ വിമർശനമുന്നയിച്ചു.