മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ പതിമൂന്നുകാരിയായ ദലിത് വിദ്യാർഥിനിയെ സ്കൂൾ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിച്ച് കൈ അസ്ഥികൾ രണ്ടിടത്ത് ഒടിച്ചതായി പരാതി. കുട്ടിയെ ചികിത്സിക്കാൻ തയ്യാറാകാതിരുന്ന പ്രിൻസിപ്പൽ ജാതീയമായി അധിക്ഷേപിച്ചതായും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. മീററ്റിലെ ഭവാനിപൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള റസൂൽപൂർ ഔറംഗാബാദ് ഗ്രാമത്തിലെ സി.ആർ.കെ ഹൈസ്കൂളിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവായ ആദേശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭവാനിപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പലായ അഫ്സ റാണിയാണ് തന്റെ മകളെ ക്രൂരമായി മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
മർദ്ദനത്തിൽ പെൺകുട്ടിയുടെ കയ്യിലെ അസ്ഥികൾക്ക് രണ്ടിടത്ത് പൊട്ടലേറ്റു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ ചികിത്സാച്ചെലവ് വഹിക്കാമെന്ന് പ്രിൻസിപ്പൽ ആദ്യം സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് കുട്ടിയുടെ ദലിത് പശ്ചാത്തലം ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയുമായിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു. ചികിത്സ വൈകിയതിനെ തുടർന്ന് മീററ്റിലെ പ്രാദേശിക ആശുപത്രികളിൽ നിന്ന് പെൺകുട്ടിക്ക് കൃത്യ സമയത്ത് വൈദ്യസഹായം ലഭിച്ചില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
ഇതിനെ തുടർന്നാണ് പിതാവ് പൊലീസ് സ്റ്റേഷനെയെത്തി പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. പരാതി ലഭിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ഭവാനിപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രതാപ് സിങ് സ്ഥിരീകരിച്ചു. അതേസമയം, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സ്കൂൾ പ്രിൻസിപ്പൽ അഫ്സ റാണി നിഷേധിച്ചു. തന്നെയോ സ്കൂളിനെയോ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണങ്ങളെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.