ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടത്തുകയോ സമരങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യില്ലെന്ന് കോടതിയിൽ ഉറപ്പുനൽകിയതിനു പിന്നാലെ സി.ജെ.പി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം. ഇരുവരെയും മോചിപ്പിക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഉത്തരവിനു പിന്നാലെ ഇരുവരും ഡൽഹിയിലെ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി.
ജന്തർ മന്തർ ഔദ്യോഗികമായി പ്രതിഷേധങ്ങൾക്കുള്ള വേദിയായി അംഗീകരിക്കപ്പെടുന്നതുവരെ അവിടെ സമരങ്ങൾ സംഘടിപ്പിക്കില്ലെന്ന് ഇരുവരും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഭാവിയിൽ നടത്തുന്ന പ്രതിഷേധങ്ങൾ ഭരണഘടനാപരമായ പരിധികൾക്കുള്ളിൽ മാത്രമായിരിക്കുമെന്നും അവർ ഉറപ്പുനൽകി.
ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവേ മജിസ്‌ട്രേറ്റ് കോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രതികരിച്ച സംഭവത്തിലും ഇരുവരും ഖേദം പ്രകടിപ്പിച്ചു. നേതാക്കളുടെ അഭിഭാഷകർ കോടതിയിൽ മാപ്പപേക്ഷിക്കുകയും ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു.
50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ജാമ്യക്കാരെയും ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണ നടപടികളോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
തുടർനടപടികൾക്കായി കേസ് ഒക്ടോബർ 23ന് വൈകുന്നേരം മൂന്നിന് വീണ്ടും പരിഗണിക്കും.