കട്ടപ്പന: നഗരത്തിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ മദ്യലഹരിയിൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരുകിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി യുവതി. നാട്ടുകാരുടെയും വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ പിടികൂടിയ പ്രതിയെ പോലീസിന് കൈമാറി. സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു.
ബുധനാഴ്ച രാത്രി എട്ടോടെ കട്ടപ്പന മാർക്കറ്റ് ജങ്ഷനിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം നഗരത്തിലെത്തിയ കുന്തളംപാറ സ്വദേശിനി വീണ സജിയെ മാർക്കറ്റ് ജങ്ഷനിലൂടെ നടന്നുപോകുന്നതിനിടെ യുവാവ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
മാതാപിതാക്കൾ ഒപ്പമുണ്ടെന്ന് മനസ്സിലാക്കിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, വീണ പിന്മാറാതെ ഇയാളുടെ പിന്നാലെ ഓടി. പുതിയ ബസ് സ്റ്റാൻഡ് ഭാഗംവരെ പിന്തുടർന്ന യുവതി, അവിടെയുണ്ടായിരുന്ന വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
കൊച്ചി സ്വദേശിയായ ജാക്‌സൺ (25) ആണ് പിടിയിലായത്. തുടർന്ന് ഇയാളെ കട്ടപ്പന പോലീസിന് കൈമാറി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അതിഥിത്തൊഴിലാളിയാണെന്ന് ഇയാൾ പറഞ്ഞെങ്കിലും എറണാകുളം സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി.
മദ്യലഹരിയിലായിരുന്ന ഇയാൾ രാവിലെ മുതൽ കട്ടപ്പനയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ കയറി പ്രശ്നങ്ങളുണ്ടാക്കിയതായും വിവരമുണ്ട്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.