തിരുവനന്തപുരം: വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദത്തോടൊപ്പം അറിവും പകരാൻ കെഎസ്ആർടിസിയുടെ പുതിയ പഠനയാത്രാ പദ്ധതി. ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയിലൂടെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ചരിത്ര, ശാസ്ത്ര, സാംസ്കാരിക കേന്ദ്രങ്ങൾക്കും പുറമെ വിവിധ വ്യവസായ സ്ഥാപനങ്ങളും സന്ദർശിക്കാം. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
പാഠപുസ്തകങ്ങളിൽനിന്ന് ലഭിക്കുന്ന അറിവുകൾക്ക് പ്രായോഗിക അനുഭവം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ നേരിട്ടു കണ്ടറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കും. വിനോദത്തിനൊപ്പം പഠനത്തിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളാണ് യാത്രാപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം എന്നിവയ്ക്കു പുറമെ മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രകൾ സംഘടിപ്പിക്കും.
പദ്ധതി ഉടൻ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായശാലകളിലേക്കുള്ള പഠനയാത്രകളും ക്രമീകരിക്കാനാകും. വിദ്യാർഥികൾക്ക് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കാനും ശാസ്ത്രം, പ്രകൃതി, ചരിത്രം എന്നിവയെ അടുത്തറിയാനും ഇതിലൂടെ അവസരം ലഭിക്കും.
പൊന്മുടി യാത്രയ്ക്കായി പ്രത്യേകമായി അനുയോജ്യമായ ബസുകളാണ് ഉപയോഗിക്കുന്നത്. ഒരു ബസിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് യാത്രകൾ ക്രമീകരിക്കാനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം.
ജില്ല തിരിച്ചുള്ള ഫോൺ നമ്പറുകൾ:
തിരുവനന്തപുരം നോർത്ത്: 9188619378
തിരുവനന്തപുരം സൗത്ത്: 9188938522
കൊല്ലം: 9188938523
പത്തനംതിട്ട: 9188938524
ആലപ്പുഴ: 9188938525
കോട്ടയം: 9188938526
ഇടുക്കി: 9188938527
എറണാകുളം: 9188938528
തൃശൂർ: 9188938529
പാലക്കാട്: 9188938530
മലപ്പുറം: 9188938531
കോഴിക്കോട്: 9188938532
വയനാട്: 9188938533
കണ്ണൂർ, കാസർകോട്: 9188938534