തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് നീക്കം. അന്വേഷണത്തിനിടെ മൊഴി തിരുത്തിയ സംഭവത്തിൽ നടപടി ശുപാർശ ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉടൻ ഡിജിപിക്ക് റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. അതേസമയം, കേസിൽ പ്രതികളായ അഞ്ച് കെഎസ്യു പ്രവർത്തകരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗൺമാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. ആയുധം ഉപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു അഭിലാഷിന്റെ ആദ്യ മൊഴി.
എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നൽകിയ മൊഴിയിൽ അഭിലാഷ് നിലപാട് തിരുത്തിയെന്നാണ് റിപ്പോർട്ട്. വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. വീണയുടെ നിർദേശപ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും എസ്ഐടിയോട് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഗൺമാന്റെ മൊഴിമാറ്റം അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി തുടർനടപടി സ്വീകരിച്ചേക്കും. അതേസമയം, സംഭവത്തിൽ വീണാ ജോർജ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും എംഎൽഎയുമായ അബിൻ വർക്കിയും രംഗത്തെത്തി.
കേസിൽ പ്രതികളായ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേരുടെ മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തിയത്. എസ്ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. പ്രതിഷേധ ദിവസം റെയിൽവേ സ്റ്റേഷനിലുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളാണ് അന്വേഷണ സംഘം ഇവരിൽനിന്ന് തേടിയത്.
ഗൺമാന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് ഇൻസ്പെക്ടറുടെ മൊഴിയും രേഖപ്പെടുത്താൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടായതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.